'ഇതിനൊക്കെ എന്ത് പറയാനാണ്'; ഇൻസമാമിന്റെ ആരോപണത്തിൽ വായടപ്പിക്കുന്ന മറുപടിയുമായി രോഹിത്
മുംബൈ: ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാട്ടിയെന്ന ഇൻസമാം ഉൽ ഹഖിന്റെ ആരോപണത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട രോഹിത് ശർമ്മയോട് ഒരു റിപ്പോർട്ടർ ഇക്കാര്യം ചോദിക്കുകയായിരുന്നു. കുറച്ചുകൂടി മനസ് തുറന്ന് ചിന്തിക്കണം എന്നായിരുന്നു രോഹിതിന്റെ മറുപടി.
'ഇതിനൊക്കെ എന്ത് മറുപടിയാണ് ഞാൻ നൽകേണ്ടത് സഹോദരാ.. ഇവിടെ വിക്കറ്റ് വളരെ വല്ലാതെ ഉണങ്ങിയതായിരുന്നു. എല്ലാ ടീമുകൾക്കും റിവേഴ്‌സ് സ്വിങ് കിട്ടുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മൾ മനസ് തുറന്ന് കുറച്ചുകൂടി വിശാലമായി ചിന്തിക്കേണ്ടതുണ്ട്. ഇവിടുത്തെ സാഹചര്യങ്ങൾ നിങ്ങൾ മനസിലാക്കണം. ഇത് ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. ഇതാണ് എനിക്ക് പറയാനുള്ളത്' രോഹിത് ഇൻസമാമിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചു.

കഴിഞ്ഞ ദിവസം ഒരു പാക് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇൻസമാം ഉൾ ഹഖ് ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ പേസർ അർഷദീപ് സിംഗിനെ ഉന്നം വച്ചായിരുന്നു മുൻ പാക് നായകന്റെ ആരോപണം. മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് എടുത്ത് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ഇന്ത്യ മത്സരത്തിൽ ജയിക്കാൻ വേണ്ടി കൃത്രിമം കാട്ടിയെന്നായിരുന്നു ഇൻസമാമിന്റെ ആരോപണം. ഇന്ത്യൻ ബൗളർമാർ ബോൾ ചുരണ്ടിയെന്നും അതുകൊണ്ടാണ് അവർക്ക് ന്യൂ ബോളിൽ റിവേഴ്‌സ് സ്വിങ് കിട്ടിയതെന്നും ഇൻസമാം ആരോപിക്കുന്നു. അർഷദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവർ ചൂണ്ടിക്കാട്ടിയായിരുന്നു ഇൻസമാം ആരോപണം ഉയർത്തിയത്.
'അർഷദീപ് സിംഗ് 16-ാം ഓവർ എറിയുമ്പോൾ, അദ്ദേഹത്തിന് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. താരതമ്യേന ഒരു പുതിയ പന്തിൽ, റിവേഴ്‌സ് സ്വിംഗ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 12-ാം ഓവറോ 13-ാം ഓവറോ ആകുമ്പോഴേക്കും പന്ത് റിവേഴ്‌സ് സ്വിംഗിന് തയ്യാറായോ? കാരണം, അദ്ദേഹം ബൗൾ ചെയ്യാൻ വന്നപ്പോൾ മുതൽ അങ്ങനെയായിരുന്നു, അമ്പയർമാർ കണ്ണ് തുറന്ന് നോക്കണം' എന്നായിരുന്നു ഒരു പാക് ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇൻസമാം പറഞ്ഞത്.
ഇതിന് പിന്നാലെ ഇൻസമാമിന് എതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. മറ്റൊരു ടീമിന്റെ ജയത്തിൽ പോലും ഇത്രയധികം അസഹിഷ്‌ണുത എന്തിനെന്നായിരുന്നു ചില ആരാധകരുടെ ചോദ്യം. കൂടാതെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാകിസ്ഥാൻ ദയനീയമായി പുറത്തായതിന്റെ നിരാശയാണ് ഇൻസമാമിനെന്നും ചില ആരാധകർ വിമർശിച്ചു.
അതേസമയം, ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ മത്സരം നടക്കുക. ഒരുപക്ഷേ മഴ മൂലം കളി തടസപ്പെട്ടാൽ റിസർവ് ദിനമില്ലാത്തതിനാൽ ഇന്ത്യയ്ക്ക് നേരിട്ട് ഫൈനലിൽ എത്താം. ഫൈനലിൽ എത്തുന്ന ടീം അഫ്‌ഗാനെ തകർത്ത് നേരത്തെ തന്നെ കലാശപ്പോരിന് യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയെ ആണ് നേരിടേണ്ടി വരിക.
2007ലെ കന്നി കിരീടത്തിന് ശേഷം ഇന്ത്യയ്ക്ക് ഇതുവരെ ടി20 ലോകകപ്പ് നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇക്കുറി രണ്ടും കൽപ്പിച്ചാണ് ടീമിന്റെ വരവ്. അതിന് പുറമെ പതിനൊന്ന് വർഷത്തോളം നീണ്ട ഐസിസി ട്രോഫി വരൾച്ചയ്ക്കും അറുതി വരുത്താമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ.












Click it and Unblock the Notifications