വിനേഷ് ഫോഗട്ടും ഇന്ത്യയും കാത്തിരിക്കണം; കായിക കോടതി വിധി ഇന്നുമില്ല, ആഗസ്‌റ്റ് 16ലേക്ക് മാറ്റി
ന്യൂഡൽഹി: ഒളിമ്പിക്‌സ് ഫൈനലിന് മുന്നോടിയായി അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗാട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് കായിക കോടതി നീട്ടി. നേരത്തെ ഇന്ന് വിധി പറയുമെന്നായിരുന്നു കായിക കോടതി പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ആഗസ്‌റ്റ് 16നായിരിക്കും കോടതിയുടെ വിധി വരിക. ഒളിമ്പിക്‌സ് നടക്കുമ്പോൾ തന്നെ വിനേഷ് അപ്പീൽ നൽകിയിരുന്നു.
എന്നാൽ വിധി പറയുന്നത് നീളുകയാണ്. നേരത്തെ ഞായറാഴ്‌ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി എന്നിവരോടും കായിക കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് വിധി ചൊവ്വാഴ്‌ചത്തേക്ക് നിശ്ചയിച്ചത്.

ചരിത്രം മാറ്റി മറിച്ച പ്രകടനത്തിലൂടെ ഫൈനലിലേക്ക് കടന്നെങ്കിലും ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഫൈനല്‍ പോരാട്ടം നടക്കുന്ന ദിവസം രാവിലെ നടന്ന മുന്‍പ് പരിശോധനയില്‍ വിനേഷിന്റെ ഭാരം 50 കിലോയേക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യത കൽപിച്ചത്.
അതേസമയം, ഒളിമ്പിക്‌സ് ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. എന്നാൽ നിലവിലെ ഗുസ്‌തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് അസോസിയേഷൻ നൽകുന്ന മറുപടി. ഈ സാഹചര്യത്തിൽ കായിക കോടതിയുടെ വിധി നിർണായകമാണ്.
വിനേഷിന്റെ അയോഗ്യതയോടെ ഇന്ത്യയ്ക്ക് പാരീസിൽ ഉറപ്പായ ഒരു മെഡലാണ് നഷ്‌ടമായത്. കഴിഞ്ഞ തവണ ടോക്കിയോയിൽ നേടിയ ഏഴ് മെഡലുകൾ എന്ന നേട്ടത്തിനൊപ്പമെത്താൻ കഴിയാതെ പോയതും അപ്രതീക്ഷിതമായി വിനേഷിന് നേരിടേണ്ടി വന്ന ഈ തിരിച്ചടിയാണ്. ഫൈനലിൽ മത്സരിക്കാൻ കഴിഞ്ഞെങ്കിലും വെള്ളിയോ, സ്വർണമോ വിനേഷിനെ തേടി എത്തുമായിരുന്നു.
ഈ വർഷം ജനുവരിയിലാണ് 15 മാസത്തെ ഇടവേളയ്ക്ക് ശേഷം താരം മത്സര രംഗത്തേക്ക് മടങ്ങിയെത്തിയത്. മുമ്പ് വിനേഷ് വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഈ വിഭാഗത്തിലായിരുന്നു വിനേഷ് മാറ്റുരച്ചത്. എന്നാൽ ഇത്തവണയാണ് 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്.
കുറഞ്ഞ ഭാരത്തിലേക്ക് മത്സരം മാറ്റിയതോടെ തന്നെ ശാരീരികമായി ഒട്ടേറെ കടമ്പകൾ താരം നേരിട്ടിരുന്നു. ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളിലും ഫോഗട്ട് ഭാരം നിലനിർത്താൻ സമാനമായ വെല്ലുവിളി നേരിട്ടിരുന്നു, എങ്കിലും അവസാന നിമിഷം കടന്നുകൂടുകയായിരുന്നു. എന്നാൽ ഫൈനൽ ദിവസം പക്ഷേ നേരിയ വ്യത്യാസത്തിന്റെ പേരിൽ പുറത്താവുകയായിരുന്നു.












Click it and Unblock the Notifications