കുടുംബത്തെ തൊട്ടുള്ള കളി വേണ്ട...; ട്രോളന്മാരോട് ഹർഭജൻ സിംഗ്
ലോകകപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഓസ്‌ട്രേലിയൻ താരങ്ങളുടെ കുടുംബത്തെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്ക് എതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഫൈനലിലെ ഓസ്‌ട്രേലിയയുടെ വിജയ ശിൽപി ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ഒരുവിഭാഗം ഇന്ത്യൻ ആരാധകർ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെയാണ് ഹർഭജൻ സിംഗ് തള്ളിപ്പറഞ്ഞത്.
ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ വിശുദ്ധിയും അന്തസും കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ ഹർഭജൻ, ട്രോളന്മാരോട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തെ അധിക്ഷേപിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടു. ഇന്ത്യ ഫൈനലിൽ തോറ്റതിന് ശേഷമാണ് ട്രോളന്മാർ ഓസീസ് താരങ്ങളെയും അവരുടെ കുടുംബത്തെയും ലക്ഷ്യം വച്ചു രംഗത്ത് വന്നത്.

"ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങളെ ട്രോളുന്ന നടപടി മോശമാണ്. നമ്മൾ നന്നായി കളിച്ചു, പക്ഷേ ഓസീസിന്റെ മികച്ച ക്രിക്കറ്റിനോട് ഫൈനൽ തോറ്റു. അതാണ് കാര്യം. കളിക്കാരെയും അവരുടെ കുടുംബങ്ങളെയും എന്തിനാണ് ട്രോളുന്നത്? അത്തരം പെരുമാറ്റം അവസാനിപ്പിക്കാൻ എല്ലാ ക്രിക്കറ്റ് ആരാധകരോടും അഭ്യർത്ഥിക്കുന്നു. വിശുദ്ധിയും അന്തസ്സുമാണ് കൂടുതൽ പ്രധാനം" ഹർഭജൻ സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ പറഞ്ഞു.
ഫൈനലിന് ശേഷം, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഭാര്യ വിനി രാമൻ അധിക്ഷേപത്തിന് ഇരയായിരുന്നു. ഒരു വിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പെരുമാറ്റം നടത്തുകയും, അധിക്ഷേപ കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
വിനി രാമൻ മാത്രമല്ല ഫൈനലിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി ട്രാവിസ് ഹെഡും സൈബർ അധിക്ഷേപത്തിന് ഇരയായി. അദ്ദേഹത്തിന്റെ കുടുംബത്തെയും മോശം രീതിയിൽ പരാമർശിക്കുന്ന സംഭവ വികാസങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇതോടെയാണ് ഹർഭജൻ വിഷയം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്.
അതേസമയം, ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളിയിരുന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ പരാജയപ്പെട്ടതോടെ രോഹിത് ശർമ്മയ്ക്ക് ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ട ഗതികേടായിരുന്നു.
ഇതോടെ സമ്മർദ്ദത്തിലായ താരം നീണ്ട ഇന്നിങ്‌സ് കളിക്കുന്നതിന് മുൻപ് തന്നെ പുറത്തായി. പിന്നാലെ വന്ന കോഹ്ലി വിക്കറ്റ് നഷ്‌ടപ്പെടാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെ ക്രീസിലെത്തിയ കെഎൽ രാഹുൽ മുട്ടി സ്കോറിങ് വേഗം ഉയർത്താഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
സാമാന്യം മെച്ചപ്പെട്ട റൺ റേറ്റുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഇന്ത്യയുടെ സ്‌കോർ കൂപ്പുകുത്തുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. രാഹുൽ മെല്ലെപ്പോക്ക് തുടർന്നതോടെ കോഹ്ലിയും സമ്മർദ്ദത്തിലായി. പിന്നാലെ വന്ന താരങ്ങളും മൊമന്റം കണ്ടെത്താൻ പാടുപെട്ടതോടെ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പതനം പൂർണമായി.
ലോക കിരീടം മോഹിച്ചെത്തിയ ഇന്ത്യയ്ക്ക് തോൽവിയുമായി മടങ്ങേണ്ട അവസ്ഥ കൈവരുകയായിരുന്നു. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സ് ആരംഭിച്ചതിന് പിന്നാലെ ഷമിയും, ബുമ്രയും പരമാവധി സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും അവരെ വീഴ്‌ത്താൻ അതൊന്നും പര്യാപ്‌തമായില്ല. ഒടുവിൽ അവർ വിക്കറ്റിനായിരുന്നു കംഗാരുപ്പടയുടെ വിജയം.












Click it and Unblock the Notifications