ഷമീ നിങ്ങൾ ക്ഷമി...; നിങ്ങളോട് ചെയ്‌ത ആ തെറ്റിന് മാപ്പ്
ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മുന്നേറുമ്പോൾ എല്ലാവരും വാഴ്ത്തി പാടുന്ന പേരാണ് മുഹമ്മദ് ഷമിയുടേത്. ടൂർണമെന്റിൽ ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷമിക്ക് ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്ത് പോവേണ്ടി വന്നു ഒന്ന് കളത്തിൽ ഇറങ്ങാൻ. അവിടുന്നങ്ങോട്ട് തന്റെ പ്രതിഭ കൊണ്ട് ലോകകപ്പ് വേദിയെ അയാൾ തന്റേതാക്കി മാറ്റുന്ന അസുലഭമായ കാഴ്‌ചകൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ന് കാണുന്ന മാനസികമായും, ശാരീരികമായും കരുത്തനായ ഷമി ആവുന്നതിന് മുൻപ് ഒരു ഇരുണ്ട കാലഘട്ടം കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. മുൻ ഭാര്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപങ്ങളും, വിവാദങ്ങളും ചില്ലറയൊന്നുമല്ല ഷമിയെ തളർത്തിയത്. പിന്നീട് ഇത്തരം ആരോപണങ്ങളുടെ പേരിൽ ടീമിൽ മാറ്റി നിർത്തപ്പെട്ടപ്പോഴും മുഹമ്മദ് ഷമി തന്റെ പ്രതീക്ഷ കൈവിട്ടിരുന്നില്ല, അറിയാം ഷമിയുടെ സംഭവ ബഹുലമായ ജീവിത കഥ...

ഉത്തർപ്രദേശിൽ ജനിച്ചുവളർന്ന, ഒരു സാധാരണ കുടുംബത്തിലെ അംഗമായ ഷമിക്ക് പിതാവ് തന്നെയാണ് ക്രിക്കറ്റിലേക്ക് ഇറങ്ങാൻ പ്രചോദനമായത്. ഒരു ഫാസ്‌റ്റ് ബൗളറായ ഷമിയുടെ പിതാവിന്റെ പാത പിൻപറ്റി അദ്ദേഹവും ക്രിക്കറ്റിലേക്ക് വന്നിറങ്ങി. അതൊരുപക്ഷേ ഒരു നിയോഗമായിരിക്കാം. പതിനെട്ട് വർഷങ്ങൾക്ക് ഇപ്പുറം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ വീരപരിവേഷം കൈവരാൻ പോകുന്നതിലേക്കുള്ള ആദ്യ ചുവട് വയ്പ്പായിരുന്നു അത്.
പിന്നീട് ക്രിക്കറ്റിൽ വളരാൻ വളക്കൂറുള്ള മണ്ണായ കൊൽക്കത്തയിലേക്ക് വണ്ടി കയറിയ ഷമി അവിടെ തന്റെ ക്ലബ് കരിയറും ആരംഭിച്ചു. തുടർന്ന് നിരന്തരമായ കഠിന പരിശീലനത്തിന്റെയും, ശ്രമങ്ങളുടെയും ഒടുവിൽ ഷമി അണ്ടർ-22 ബംഗാൾ ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫിയിലും അവർക്ക് വേണ്ടി കളിച്ച ഷമി ഗാംഗുലിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു.
പിന്നീട് പതിയെ ഷമി തന്റെ വരവറിയിക്കാൻ തുടങ്ങി. ബംഗാളിന് രഞ്ജി ട്രോഫിയ്ക്ക് പുറമെ, ദുലീപ് ട്രോഫി, ഇറാനി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ തന്റെ മികവ് തെളിയിച്ചതോടെ താരത്തിന് ഇന്ത്യ എ ടീമിലേക്ക് വിളിവന്നു. പിന്നീട് അങ്ങോട്ട് ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2013ലാണ് മുഹമ്മദ് ഷമി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുന്നത്. അതിന് ശേഷം ഇന്ത്യൻ പേസ് നിരയുടെ അവിഭാജ്യ ഘടകമായിരുന്നു മുഹമ്മദ് ഷമി. ഒരുകാലത്ത് ഭുവനേശ്വർ കുമാറിന്റെ നിഴലിലൊതുങ്ങിയ ഷമി ബുമ്രയുമായി ഒത്തുചേർന്നതോടെ ഏറെക്കാലത്തിന് ശേഷം ഇന്ത്യ ആഗ്രഹിച്ച നിലയിലുള്ള പേസ് ബൗളിംഗ് യൂണിറ്റ് എന്ന സ്വപ്‌നം സാക്ഷാത്കാരമായി.
ഇതിനിടയിൽ പലവട്ടം ഷമി ടീമിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും പൂർവാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്‌തിരുന്നു. 2019ലെയും, 2021ലെയും ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഷമി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിനപ്പുറം ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ ഷമിയോളം സ്ഥിരതയുള്ള മറ്റൊരു ബൗളർ നിലവിലില്ല എന്ന് വേണം പറയാം.

2015 ലോകകപ്പിലാണ് ഷമി ആദ്യമായി പന്തെറിയുന്നത്. 17 വിക്കറ്റുകളാണ് ആ എഡിഷനിൽ ഷമി നേടിയത്. പിന്നീട് 2019 ലോകകപ്പിൽ കേവലം നാല് മത്സരങ്ങൾ മാത്രം കളിച്ച ഷമി നേടിയതാവട്ടെ 14 വിക്കറ്റുകൾ. ഇപ്പോഴിതാ ഈ തവണത്തെ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ലോകകപ്പുകളിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡും ഷമിയ്ക്ക് സ്വന്തമാണ്.
കരിയറിലെ ഏറ്റക്കുറച്ചിലുകൾക്ക് അപ്പുറം ഷമിയെ സ്വാധീനിച്ച വ്യക്തി ജീവിതത്തിലെ പല സംഭവ വികാസങ്ങളും അദ്ദേഹത്തിന് എഴുതി തള്ളാൻ പലരെയും പ്രേരിപ്പിച്ചിരുന്നു. മുൻ ഭാര്യ ഹാസിൻ ജഹാനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ ഷമിയെ കൂടുതൽ പ്രതിസന്ധികളിലേക്കാണ് തള്ളി വിട്ടത്. ഗാർഹിക പീഡന ആരോപണവും, ഒത്തുകളി വിവാദവുമൊക്കെ ഷമിയുടെ തിരിച്ചുവരവ് അസാധ്യമാക്കുമെന്ന് വിധിയെഴുതിയവരും ഏറെ.
എന്നാൽ സംഘടിത സൈബർ ആക്രമണങ്ങളും, വിവാദങ്ങളും ഒക്കെ ഇപ്പോൾ പഴങ്കഥകളാണ്, കാരണം കോടികണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷ ഇപ്പോൾ ഷമിയിലാണ്. കപിൽ ദേവും, ധോണിയും മാത്രം സ്വന്തമാക്കിയ വിശ്വ കിരീടം രോഹിത് ശർമ്മയിലൂടെ ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് എത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒപ്പം ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ പുറത്തിയിരുത്തിയതിന് അവർ ഷമിയോട് ക്ഷമ ചോദിക്കുന്നു, ഒരു പ്രായശ്ചിത്തം പോലെ...












Click it and Unblock the Notifications