ഇതിഹാസ താരത്തിന് വേണ്ടി ഈ കപ്പ് ഞങ്ങള്‍ എടുക്കും, ഇന്ത്യയുടെ കടമയാണതെന്ന് രോഹിത് ശര്‍മ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയെ നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഈ ലോകകപ്പ് ഇന്ത്യയുടെ ഒരു ഇതിഹാസത്തിന് വേണ്ടി ഞങ്ങള്‍ നേടുമെന്ന് രോഹിത് പറഞ്ഞു. ഇന്ത്യയുടെ ഈ മികവുറ്റ പ്രകടനത്തിന് പിന്നില്‍ രാഹുല്‍ ദ്രാവിഡാണെന്നും, അദ്ദേഹത്തിന് ആദരമര്‍പ്പിക്കാനായി ഈ ലോകകപ്പ് നേടുമെന്നും രോഹിത് വ്യക്തമാക്കി. ടീമില്‍ വ്യക്തത കൊണ്ടുവരുന്നതില്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ റോള്‍ വളരെ വലുതാണ്.
ഓരോ ആളുകളുടെയും റോള്‍ എന്താണെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞ് തരുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് കളിച്ചിരുന്നത് ഏത് രീതിയിലാണെന്ന നോക്കൂ. അതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഞാന്‍ കളിക്കുന്ന രീതി. അതിനോട് അദ്ദേഹം യോജിക്കുന്നു. എനിക്ക് സ്വതന്ത്രമായി കളിക്കാനുള്ള നിര്‍ദേശം നല്‍കുന്നു. അതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ മികവറിയാമെന്നും രോഹിത് പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഇന്ത്യയെ എങ്ങനെയാണ് ദ്രാവിഡ് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചതെന്നും രോഹിത് വെളിപ്പെടുത്തി. ഒരു കളിക്കാരന്റെ ഏറ്റവും മോശം സമയങ്ങളില്‍ എപ്പോഴും ഒപ്പം നില്‍ക്കാറുണ്ട്് രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പിന് മുമ്പും ശേഷവും അക്കാര്യത്തില്‍ ദ്രാവിഡ് കാണിച്ച മികവ് എടുത്ത് പറയേണ്ടതാണ്. ടി20 ലോകകപ്പില്‍ ഞങ്ങള്‍ക്ക് സെമി ഫൈനല്‍ വരെ നല്ല പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചു.
അതിന് ശേഷം ഞങ്ങള്‍ പരാജയപ്പെട്ടു. ചില സന്ദര്‍ഭങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതിയും, ടീമിലെ താരങ്ങളോട് എങ്ങനെ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അറിയിച്ചതും, അദ്ദേഹത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതാണെന്നും രോഹിത് ശര്‍മ പറഞ്ഞു.ഇന്ത്യന്‍ ക്രിക്കറ്റിനായി ദ്രാവിഡ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ലോകകപ്പ് പോലൊരു വലിയ നേട്ടത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
ആ നേട്ടം ഞങ്ങള്‍ അദ്ദേഹത്തിനായി സ്വന്തമാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും രോഹിത് പറഞ്ഞു. മുഹമ്മദ് ഷമി തിരിച്ചുവന്നതിനെ കുറിച്ചും രോഹിത് വിശദീകരിച്ചു. ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ കളിക്കാതിരുന്നത് മുഹമ്മദ് ഷമിയെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു. അദ്ദേഹം ഇന്ത്യയെ സംബന്ധിച്ച് വളരെ സീനിയറായിട്ടുള്ള ബൗളറാണ്. എന്നാല്‍ ടീമിന് വേണ്ടി അദ്ദേഹം മുന്നില്‍ നിന്നു. സിറാജിനെയും ബുംറയെയും ഏതെല്ലാം വിധത്തില്‍ സഹായിക്കാനാവുമോ ആ രീതിയില്‍ എല്ലാ സഹായിച്ചു. അതില്‍ നിന്ന് തന്നെ ടീം മാനാണ് ഷമിയെന്ന് വ്യക്തമാണെന്നും രോഹിത് പറഞ്ഞു.
ഷമിയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്തുകൊണ്ട് ആദ്യ കുറച്ച് മത്സരങ്ങള്‍ പുറത്തിരുത്തി എന്നും അറിയിച്ചിരുന്നു. സ്വന്തം ബൗളിംഗില്‍ അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചു. അതാണ് ഇപ്പോള്‍ കാണുന്നത്. ലോകകപ്പില്‍ അദ്ദേഹം കളിക്കുന്ന മനോനില എങ്ങനെയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി കാണും. ടീമിന്റെ ഭാഗമാവുക ഒട്ടും എളുപ്പമുള്ള കാര്യമല്ല.
ഒരു ടീം ഗെയിം കളിക്കുമ്പോള്‍ ചില കളിക്കാര്‍ പുറത്തിരിക്കേണ്ടി വരും. ആദ്യ ഇലവനില്‍ കളിക്കുക വളരെ ദുഷ്‌കരമായിരിക്കും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും കളിക്കാരെ തീരുമാനിക്കുക. എതിരാളികളെ നോക്കി ടീമില്‍ ബാലന്‍സിംഗ് കൊണ്ടുവരേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications