തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത! 2024ന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് 39 ലക്ഷം തൊഴിലവസരങ്ങള്‍
കൊവിഡിന് ശേഷം രാജ്യത്തെ തൊഴില്‍ വിപണി ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷയാണ് ഈ വര്‍ഷം അവസാനിക്കുന്നതോടെ കഴിഞ്ഞ് പോകുന്നത്. ആഗോളതലത്തില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന് സാക്ഷ്യം വഹിച്ച് കൊണ്ടാണ് 2023 ആരംഭിച്ചത്. ഇന്ത്യന്‍ തൊഴില്‍ മേഖലയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.
ഇതോടെ തൊഴില്‍ നഷ്ടം നേരിടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളിലും തൊഴില്‍ മേഖല പ്രതിസന്ധി നേരിട്ടേക്കും എന്നാണ് പ്രവചനം. എന്നാല്‍ രാജ്യത്തെ തൊഴിലന്വേഷകരെ സംബന്ധിച്ച് പ്രതീക്ഷ വെക്കാവുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാക്രോ ഇക്കണോമിക് പ്രശ്നങ്ങള്‍ക്കിടയിലും മുന്‍നിര തൊഴിലാളികളുടെ ആവശ്യം പുതുവര്‍ഷത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാസിന്റേയും ഫ്രണ്ട്ലൈന്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ബെറ്റര്‍ പ്ലേസിന്റെയും വര്‍ഷാവസാന സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട് അനുസരിച്ച് 2024-ന്റെ ആദ്യ പകുതിയില്‍ 39 ലക്ഷം അല്ലെങ്കില്‍ 3.9 ദശലക്ഷം ജോലികള്‍ ലഭിക്കാനിടയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ഡാറ്റാ പോയിന്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
പുതിയ തൊഴിലാളികളുടെ മൊത്തത്തിലുള്ള ആവശ്യത്തിന്റെ 50 ശതമാനത്തിലധികം ലോജിസ്റ്റിക്സ്, മൊബിലിറ്റി വ്യവസായങ്ങളില്‍ നിന്നായിരിക്കുമെന്ന് ഇത് കണക്കാക്കുന്നു. രണ്ടാമതായുള്ള ഇ-കൊമേഴ്സ്, ഐഎഫ്എം ആന്റ് ഐടി എന്നിവ യഥാക്രമം 27 ശതമാനവും 13.7 ശതമാനവുമാണ് ജീവനക്കാരെ തേടുന്നത്. 2024-ലെ ഏറ്റവും കുറഞ്ഞ നിയമനം ബി എഫ് എസ് ഐ (0.87 ശതമാനം), റീട്ടെയില്‍, ക്യു എസ് ആര്‍ (1.96 ശതമാനം) എന്നിവയില്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.
ഐ എഫ് എമ്മും ഐടിയും തൊഴിലാളികള്‍ക്കിടയിലെ ഉയര്‍ന്ന ആട്രിഷന്‍ തടയാന്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ഉയര്‍ന്ന ഡിമാന്‍ഡില്‍ ശമ്പളം സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയതോടെ ലോജിസ്റ്റിക്‌സിലും മൊബിലിറ്റിയിലും ആട്രിഷന്‍ കുറഞ്ഞു. മറുവശത്ത്, ബി എഫ് എസ് ഐയിലും റീട്ടെയ്ലിലും ക്യു എസ് ആറിലുമാണ് ഏറ്റവും ഉയര്‍ന്ന കുറവ്.
ശമ്പളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് നിര്‍മ്മാണ മേഖലയിലാണ് -19.6 ശതമാനം. റീട്ടെയില്‍, ക്യു എസ് ആര്‍ (15 ശതമാനം) എന്നിവയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കുതിപ്പ്. ഐ എഫ് എമ്മും ഐ ടിയുമാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ ശമ്പളം 20.3 ശതമാനം കുറഞ്ഞു.












Click it and Unblock the Notifications