ഇന്ത്യൻ വിദ്യാർത്ഥികളൊക്കെ എന്ത് ചെയ്യും? നെഞ്ചത്തടിച്ച് കാനഡ;ഒടുവിൽ കണക്ക് പുറത്ത്,അനുമതി ഇത്രപേർക്ക് മാത്രം
കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ രണ്ട് വർഷത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ. കാനഡയിൽ സ്റ്റഡി വിസയിൽ എത്തുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യമായി 10 ലക്ഷം കവിഞ്ഞിരുന്നു. ഇത്തരത്തിൽ കുടിയേറ്റം ശക്തമായതോടെ ഭവന പ്രതിസന്ധിയടക്കം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താനുള്ള കാനഡയുടെ തീരുമാനം. ഇപ്പോഴിതാ 2024 ൽ അനുവദിക്കുന്ന പെർമിറ്റുകൾ എത്രയെന്നത് സംബന്ധിച്ചുള്ള കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കുടിയേറ്റ മന്ത്രി മാക് മില്ലർ.
ഈ വർഷം കാലഹരണപ്പെടുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും പെർമിറ്റുകളുടെ പരിധി നിശ്ചയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ 2024-ലെ പഠനാനുമതികളുടെ എണ്ണം 3,64,000 ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷത്തെ ടാർഗറ്റ് 4,85,000 ആണ്.
അതേസമയം 20 ശതമാനം വിദ്യാർത്ഥികൾ ഓരോ വർഷവും സ്റ്റഡി പെർമിറ്റ് നീട്ടാറുണ്ട്, അതായത് 97,000 ആളുകൾ. 24,000 പെർമിറ്റുകളുടെ കാര്യത്തിൽ ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ അവശേഷിക്കുന്നത് 3,64,000 ആണ്. ഇതായിരിക്കും 2024 ലെ പഠന അനുമതികളുടെ എണ്ണം എന്ന് മന്ത്രി അറിയിച്ചു.

അതേസമയം പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ ബിരുദ വിദ്യാർത്ഥികൾ എന്നിവരെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ പ്രവിശ്യകൾക്കും അപേക്ഷകൾ വീതിച്ച് നൽകുകയാണ് ചെയ്യുക. ജനസംഖ്യ കൂടി അടിസ്ഥാനപ്പെടുത്തിയാകും ഇത്. ഈ സാഹചര്യത്തിൽ ചില പ്രവിശ്യകൾക്ക് കൂടുതൽ അപേക്ഷകൾ ലഭിക്കും, മറ്റുള്ളവയ്ക്ക് കുറച്ച് അപേക്ഷകൾ മാത്രമേ ലഭിക്കുകയുള്ളൂ. പുതിയ തീരുമാനത്തോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന പ്രവിശ്യകളിലൊന്നായ ഒന്റാറിയോയിൽ ഉൾപ്പെടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവായിരിക്കും ഉണ്ടായിരിക്കുക.
അതേസമയം പുതിയ തീരുമാനം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് .ഇതിനോടകം തന്നെ നയതന്ത്ര പ്രതിസന്ധിയെ തുടർന്ന് കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. 2023 ന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിൽ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ക ഞ്ഞ വർഷം അവസാനം 14,910 വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു രാജ്യം സ്റ്റഡി പെർമിറ്റ് അനുവദിച്ചത്. എന്നാൽ നേരത്തെ ഇത് 108,940 വിദ്യാർത്ഥികളായിരുന്നു.












Click it and Unblock the Notifications