കാനഡയിലും യുകെയിലും പോയി മടങ്ങേണ്ടി വരുന്നവർ: എന്താണ് അവിടെ സംഭവിക്കുന്നത്, റൂം കിട്ടാനില്ലേ?
വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. യുകെ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കുടിയേറ്റം. പഠനം എന്നതില്‍ ഉപരി, പഠന ശേഷം ജോലി നേടി അവിടെ തന്നെ സ്ഥിരതാമസമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടെങ്കിലും ജോലി ഉറപ്പാക്കുന്നതില്‍ ഇവർ വലിയ വെല്ലുവിളി നേരിടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പരിമിതമായ തൊഴിലവസരങ്ങൾക്കൊപ്പം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ത്യന്‍ വിദ്യാർത്ഥികളെ ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് കൊണ്ടുപോവുന്നത്.

പ്രതീക്ഷിച്ച തൊഴില്‍ ലഭിക്കാതെ വന്നപ്പോള്‍ അമേരിക്കയില്‍ നിന്നുള്‍പ്പടെ നിരവധി വിദ്യാർത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും അധികം പേരും ഇപ്പോഴും പ്രതീക്ഷയോടെ മെച്ചപ്പെട്ട തൊഴിലുകള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി വിദ്യാർത്ഥികളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
ക്ലൗഡ് കമ്പ്യൂട്ടിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടും, കാനഡയിൽ തുടരുന്നതിനേക്കാൾ ഇന്ത്യയിലേക്ക് മടങ്ങുന്നതാണ് കൂടുതൽ പ്രായോഗികമാണെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥിയാണ് വിവേക്. ആറുമാസത്തെ നിരന്തരമായ ജോലി അന്വേഷണത്തിന് ശേഷം, ഒരു സൂപ്പർമാർക്കറ്റിൽ ജോലി ഉറപ്പാക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇവിടെ നിന്നും ലഭിക്കുന്ന തുക കൊണ്ട് റൂം വാടക, വിദ്യാഭ്യാസ വായ്പ എന്നിവ അടയ്ക്കാന്‍ പോലും മതിയാകില്ല. ഇന്ത്യയിലേക്ക് മടങ്ങിയാല്‍ സ്വന്തം നഗരമായ ഹൈദരാബാദിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിവേക് ഇപ്പോൾ.
കാനഡയില്‍ ഒരാള്‍ക്ക് മാത്രം താമസിക്കാനായി പ്രതിമാസം 1,000 മുതൽ 1,200 വരെ ഡോളർ നല്‍കേണ്ടി വരും. രണ്ടുപേരാണെങ്കില്‍ 1,500 ഡോളർ വരെ പോകാമെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. കൂടാതെ, ഭക്ഷണം, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കായി ഓരോ മാസവും കുറഞ്ഞത് 1,000 മുതൽ 1,200 വരെ ഡോളർ ചിലവാകും.
യുഎസിലും സ്ഥിതി മെച്ചമല്ല. ടെക്‌സാസിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ ശ്ലോക് മിശ്രക്ക് തന്റെ വാടകയും ചെലവും വഹിക്കാൻ അനുയോജ്യമായ ജോലി കണ്ടെത്താനാകാതെ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. അവസാനമായി ഒരു പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ അവിടെ നിന്നും ലഭിക്കുന്ന ശമ്പളം മതിയാകുമായിരുന്നില്ല.
വിദേശത്ത് തുടരുന്നവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. സൈബർ സെക്യൂരിറ്റിയിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം നേടിയ ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ഗോകു ശാന്തി. എന്നാല്‍ വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സാധിച്ചില്ല. 30 ഒഴിവുകള്‍ മാത്രമുള്ള ഒരു റെസ്റ്റോറന്റ് ജോലിക്കായി 550 പേരുടെ ഒരു നീണ്ട ക്യൂവിൽ നിന്നതിനെക്കുറിച്ച് അവള്‍ ഓർമ്മിക്കുന്നു. പഠിക്കുമ്പോൾ തന്നെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമ്മർദ്ദം വിദ്യാർത്ഥികളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അലാസ്കയിൽ നിന്നുള്ള അപ്ലൈഡ് ഡാറ്റാ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ തേജസ് ഗോണ്ടിക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി തണുത്തുറഞ്ഞ താപനിലയിൽ സൈക്കിളിൽ ഭക്ഷണം വിതരണം ചെയ്യേണ്ടിവന്നു. തന്റെ അടിസ്ഥാന ജീവിതച്ചെലവുകൾ നികത്താൻ കഷ്ടിച്ച് ജീവിക്കുന്ന അദ്ദേഹം ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങി അവസരങ്ങൾ തേടാനൊരുങ്ങുകയാണ്.
യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. ലണ്ടനിൽ ബിസിനസ് മാനേജ്‌മെന്റ് പഠിക്കുന്ന വിധി കർമ്മാകർ ജീവനക്കാരുടെ ആധിക്യം കാരണം രണ്ട് മാസത്തിനുള്ളിൽ മൂന്ന് റെസ്റ്റോറന്റുകളിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ലോണ്‍ എടുത്തുള്ള വിദേശ പഠന കുടിയേറ്റം ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications