ഇന്ത്യയ്ക്ക് കോളടിച്ചു..! മസ്‌കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; വമ്പന്‍ തൊഴിലവസരങ്ങള്‍
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇന്‍കോര്‍പ്പറേറ്റഡ് ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ഇന്ത്യയില്‍ നിയമനങ്ങള്‍ നടത്താന്‍ കമ്പനി തയ്യാറെടുക്കുകയാണ് എന്നാണ് വിവരം. ഇലക്ട്രിക്-വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഉപഭോക്തൃ-മുഖ്യ, ബാക്ക്-എന്‍ഡ് ജോലികള്‍ ഉള്‍പ്പെടെ 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ച് കൊണ്ട് അവരുടെ ലിങ്ക്ഡ്ഇന്‍ പേജില്‍ പരസ്യങ്ങള്‍ പങ്ക് വെച്ചിരുന്നു.
സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡല്‍ഹിയിലും ആണ് ലഭ്യമായിരിക്കുക. അതേസമയം കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലുമാണ്. ടെസ്ലയും ഇന്ത്യയും കുറച്ചുനാളുകളായി ഒന്നിച്ച് പോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ടെസ്ല ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ ഇപ്പോള്‍ 110% ല്‍ നിന്ന് 70% ആയി കുറച്ചിരിക്കുകയാണ്. അയല്‍രാജ്യമായ ചൈനയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഇവി വിപണി ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ് എന്ന് പറയാം.
എന്നാല്‍ ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ വാര്‍ഷിക ഇവി വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയ ടെസ്ലയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണി പ്രധാനമാണ്. ചൈനയുടെ 11 ദശലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 100000 യൂണിറ്റ് ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനത്തിനിടെ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ടെസ്ലയുടെ നീക്കം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിനെ നോക്കി കാണുന്നത്. ട്രംപിന്റെ മന്ത്രിസഭയിലെ ഒരു പ്രധാന അംഗമാണ് മസ്‌ക്. എന്നാല്‍ സ്വകാര്യ കമ്പനികളുടെ സിഇഒ എന്ന നിലയിലാണോ അതോ ഡോഗ് ടീമിലെ റോളിലാണോ മസ്‌ക് മോദിയെ കണ്ടത് എന്നതില്‍ വ്യക്തതയില്ല. എങ്കിലും ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ കരുത്ത് പകരുന്നതായിരിക്കും ടെസ്ലയുടെ വരവ്.
കഴിഞ്ഞ മാസം ഇറ്റലിയിലെ സര്‍ക്കാരിന് സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷന്‍ നല്‍കുന്നതിനുള്ള ഒരു കരാറിനായി മസ്‌കിന്റെ സ്പേസ് എക്സുമായി ചര്‍ച്ചകള്‍ നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്‌ലോറിഡയില്‍ അന്നത്തെ നിയുക്ത പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു ഇത്.












Click it and Unblock the Notifications