ലോകകപ്പിന് ശേഷം ഖത്തർ തകർന്നോ: എന്താണ് സംഭവിക്കുന്നത്, തൊഴിലുകള്‍ ഇല്ലെന്ന് റിപ്പോർട്ട്
2022 ലെ ഫുട്ബോള്‍ ലോകകപ്പ് ഏറ്റവും മികച്ച രീതിയില്‍ നടത്തി ലോകത്തിന് മുന്നില്‍ മാതൃകയായ രാജ്യമാണ് ഖത്തർ. നിരവധി ആക്ഷേപങ്ങള്‍ തുടക്കം മുതല്‍ തന്നെ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഖത്തർ ലോകത്തെ അമ്പരിപ്പിച്ചു. വർഷങ്ങളുടെ ഒരുക്കമായിരുന്നു ഖത്തർ ലോകകപ്പിന് വേണ്ടി നടത്തിയത്. അടിസ്ഥാന സൌകര്യമേഖലയിലെ വികസനം മുതല്‍ സേവന രംഗത്ത് വരെ വലിയ വിപ്ലവകരമായ ചുവടുവെപ്പുകള്‍ രാജ്യത്തുണ്ടായി.
ഇതിലൂടെ വലിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാവുകയും മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ ഖത്തറിലേക്ക് വിമാനം കയറുകയും ചെയ്തു. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലെ സ്ഥിതിഗതികള്‍ നേരെ മാറി മറിഞ്ഞിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഫിഫ ലോകകപ്പ് അവസാനിച്ച് 100 ദിവസങ്ങൾ പിന്നിടുമ്പോൾ, ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ പുതിയ ജോലി കണ്ടെത്താൻ പാടുപെടുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

ഹയ്യ കാർഡില്‍ ഖത്തറിലേക്ക്
ലോകകപ്പിനിടെ ഖത്തർ സന്ദർശിക്കാൻ ആവശ്യമായ പെർമിറ്റായ ഹയ്യ കാർഡിൽ രാജ്യത്തേക്ക് കടന്ന നിരവഥി തൊഴിലാളികളുമുണ്ട്. കാർഡിന്റെ സാധുത അടുത്ത വർഷം വരെ നീട്ടിയിട്ടുണ്ടെന്നും എന്നാൽ ഇത് ടൂറിസത്തിന് മാത്രമായി ഉപയോഗിക്കാമെന്നുമാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഹയ്യ കാർഡ് ലഭിക്കുന്നതിന് ചില തൊഴിലാളികൾ ഏകദേശം 4,500 ഡോളർ ഏജന്റുമാർക്ക് നൽകിയിരുന്നു. ലോകകപ്പ് കഴിയുന്നതോടെ തൊഴില്‍ കണ്ടെത്തി നല്‍കാമെന്ന വാഗ്ദാനമാമായിരുന്നു ഏജന്റുമാർ ഇവർക്ക് നല്‍കിയത്.
ഇത്തരത്തില്‍ ആഫ്രിക്കയില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികള്‍ ഖത്തറിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. 'ഞാന്‍ വീട്ടില്‍ നാല് നേരം പക്ഷ കഴിച്ചിരുന്നു. എന്നാല്‍ ഇവിടെ ഒരെണ്ണം പോലും കിട്ടാന്‍ പ്രയാസമാണ്. എന്നെ സഹായിക്കാൻ ഞാൻ നൈജീരിയയിലെ സുഹൃത്തുക്കളെ വിളിക്കുന്നു. നാട്ടിൽ നിന്നും വന്നതിനു ശേഷം ഒരു റിയാൽ പോലും സമ്പാദിച്ചിട്ടില്ല. ഞങ്ങൾ എല്ലാവരും ഇവിടെ വന്നതിൽ ഖേദിക്കുന്നു," നൈജീരിയയില്‍ നിന്നുള്ള തൊഴിലാളിയായ ഹക്കീമിനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
വഞ്ചിക്കപ്പെട്ട നൈജീരിയന്‍ തൊഴിലാളി
"എനിക്ക് വീട്ടിലേക്ക് പോകണം, പക്ഷേ എനിക്ക് വീട്ടിലേക്ക് പോകാൻ ആഗ്രഹമില്ല. എനിക്ക് കിട്ടാനുള്ള പണമാണ് എന്നെ ഇവിടെ നിർത്തുന്നത്'' നൈജീരിയയിൽ നിന്നുള്ള അഹമ്മദ് പറഞ്ഞു. എന്നാല്‍ കുടിയേറ്റ തൊഴിലാളികൾക്ക് കൂടുതല്‍ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
"ഇപ്പോൾ യഥാർത്ഥത്തിൽ ഇവിടെ ജോലിയൊന്നുമില്ല. ആരും റിക്രൂട്ട് ചെയ്യുന്നില്ല. അവർക്ക് ആവശ്യമായ നിരവധി ഹൈവേകളും റോഡുകളും മാത്രമേയുള്ളൂ, "ഖത്തറിലെ കൺസ്ട്രക്ഷൻ ലൈനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സത്യത്തില്‍ ലോകകപ്പ് കഴിഞ്ഞത് മുതല്‍ തന്നെ ഖത്തറിലെ ജോബ് അവസരങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു.
ഹയ്യ കാർഡ് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ദോഹയിലെ നൈജീരിയൻ എംബസിയിൽ നിന്നുള്ള മുന്നറിയിപ്പുകൾ പലരിലേക്കും എത്തിയിരുന്നില്ല. ഇതാണ് തട്ടിപ്പിന് പ്രധാനമായും കാരണമായത്, തന്റെ കാറുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും വിറ്റായിരുന്നു പണം നല്‍കിയത്. എന്നാല്‍ ഖത്തറില്‍ എത്തിയതിന് ശേഷമാണ് ഹയ്യാ കാർഡില്‍ വന്നാല്‍ തൊഴിലെടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലായത്.
പറ്റിക്കപ്പെടാതെ മലയാളികള്‍
അതേസമയം, മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഇത്തരം തട്ടിപ്പിന് വിധേയമായിട്ടില്ല. ഹയ്യ കാർഡിന്റെ ഉപയോഗം എന്തായിരുന്നുവെന്ന് കൃത്യമായി അറിയാവുന്നവരായിരുന്നു മലയാളികള്‍. എന്നാല്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങള്‍ ഇപ്പോഴില്ലെന്ന് മലയാളികളും തുറന്ന് സമ്മതിക്കുന്നു.
ചിലരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിർമ്മാണ മേഖലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. അതേസമയം തന്നെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത് പോലെയുള്ളത്ര പ്രതിസന്ധി അത്ര ശക്തമല്ലെന്നും പശ്ചാത്യമാധ്യമങ്ങള്‍ ഇപ്പോഴും ഖത്തറിനെതിരായ വ്യാജപ്രചരണം തുടരുകയാണെന്നും പശ്ചാത്ത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications