സൗദി അറേബ്യ കൊള്ളാം, ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ജോലി തേടുന്നു; എല്ലാത്തിനും കാരണം ആ തീരുമാനം
ഒരു കാലത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി എത്തിയതോടെ രാജ്യത്ത് സമൂലമായ മാറ്റങ്ങളാണ് ഉണ്ടായത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കുന്നതും ഇത്തരം പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണ്. സൗദി അറേബ്യയിലെ തൊഴില്‍ രംഗത്തും സ്ത്രീകള്‍ മുന്നേറുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
അനുകൂലമായ തൊഴില്‍ അന്തരീക്ഷം കാരണം രാജ്യത്ത് ഇന്ത്യന്‍ പ്രവാസി വനിതകളില്‍ നിന്നടക്കമുള്ള തൊഴില്‍ അന്വേഷണം വർധിച്ചെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് ഇന്ത്യ. സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായതോടെ രാജ്യത്ത് തൊഴില്‍ തേടുന്ന ഇന്ത്യന്‍ വനിതകളുടെ എണ്ണം വർധിച്ചെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു.

2024 ലെ കണക്കനുസരിച്ച് 24 ലക്ഷ്യത്തിലധികം ഇന്ത്യൻ തൊഴിലാളികൾ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 16 ലക്ഷം സ്വകാര്യ മേഖലയിലും 785000 വീടുകളിലുമാണ് ജോലി ചെയ്യുന്നത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ബംഗ്ലാദേശില്‍ നിന്നുമാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിയിരിക്കുന്നത്. 26 ലക്ഷത്തിലേറെ ബംഗ്ലാദേശികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്.
സൗദി അറേബ്യയിലെ തൊഴിൽ വിപണിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് വ്യകതമാക്കി. "സമഗ്രമായ പരിഷ്കാരങ്ങൾ, മികച്ച ജോലി അന്തരീക്ഷം, കഴിവിന് അനുസരിച്ചുള്ള ഉയർന്ന പ്രതിഫലം തുടങ്ങിയവ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് സ്വാഗതാർഹമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു," വക്താവ് പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ഗതാഗത സംവിധാനം, ശിശുസംരക്ഷണ പിന്തുണയും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മികച്ച തൊഴിൽ തേടുന്ന ഇന്ത്യൻ സ്ത്രീകളുടെ സൗദി അറേബ്യയിലേക്കുള്ള ആകർഷണം വർദ്ധിപ്പിക്കുന്നു. അവരുടെ പ്രൊഫഷണലും വ്യക്തിപരവുമായ അഭിലാഷങ്ങൾ പിന്തുടരുമ്പോൾ തന്നെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുന്നുവെന്നും സൗദി അറേബ്യന്‍ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു തൊഴില്‍ തട്ടിപ്പിനെക്കുറിച്ചും വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വലിയ തോതില്‍ തൊഴിൽ പരിഷ്കാരങ്ങൾ ഞങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications