മലയാളി പ്രവാസികള്‍ക്കും സന്തോഷിക്കാം: യുഎഇയില്‍ ബ്ലൂ കോളർ ജോലി അവസരങ്ങളില്‍ 69 ശതമാനം വർധനവ്
ദുബായ്: ലോകത്തെ മറ്റേതൊരു രാജ്യത്തിലേയും എന്ന പോലെ യു എ ഇയിലേയും തൊഴില്‍ വിപണി വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ബ്ലൂ കോളർ, എൻട്രി ലെവൽ തസ്തികകൾക്കുള്ള ആവശ്യകത വർദ്ധിച്ചുവരികയാണെന്നാണ് ഇന്നൊവേഷൻസ് ഗ്രൂപ്പ് പുറത്തുവിട്ട "വർക്ക്ഫോഴ്‌സ് ട്രെൻഡ്‌സ് & മാർക്കറ്റ് ഇൻസൈറ്റ്‌സ്" റിപ്പോർട്ട് വ്യക്തമാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ വലിയൊരു വിഭാഗം പ്രവാസികള്‍ ജോലി ചെയ്യുന്നതും ജോലി അന്വേഷിക്കുന്നതും ഈ വിഭാഗത്തിലായതിനാല്‍ അവരെ സംബന്ധിച്ച് ആശ്വാസകരമായ ഒരു വാർത്തയുമാണ് ഇത്.
അടിസ്ഥാന സൗകര്യ വികസനം ബിസിനസ് വിപുലീകരണം എന്നിവയാണ് യു എ ഇയിലെ ബ്ലൂ കോളർ, എൻട്രി ലെവൽ ജോലി അവസരങ്ങള്‍ ഉയരാനുണ്ടായ പ്രധാന കാരണം. 2024-ൽ ബ്ലൂ-കോളർ വിഭാഗത്തിലെ തൊഴിലവസരങ്ങൾ 69 ശതമാനത്തോളമാണ് വർദ്ധിച്ചു. രാജ്യത്ത് നടന്ന് വരുന്ന മെഗാ നിർമ്മാണ പദ്ധതികളും പ്രാദേശിക ഭൗമരാഷ്ട്രീയ മാറ്റങ്ങൾ കാരണമുണ്ടായ തുറമുഖ മേഖലയിലെ പ്രവർത്തനങ്ങളുടെ വർദ്ധനവും ഇതില്‍ നിർണ്ണായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അവസരങ്ങള്‍ വർധിച്ചെങ്കിലും നിയമനങ്ങളില്‍ 21 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മതിയ യോഗ്യത ഇല്ലാത്തത് അടക്കമുള്ളവയാണ് ഈ ഇടിവിന് കാരണം. അതോടൊപ്പം തന്നെ വൈറ്റ് കോളർ വിഭാഗത്തിലെ നിയമനത്തിലും 21 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനത്തില്‍ ചില പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നുള്ളത് ശരിയാണെങ്കിലും യു എ ഇയിലെ തൊഴില്‍ വിപണ ശക്തമാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
ഭാവിയില്‍ വിദൂര വർക്കിങ് സംവിധാനം, എ ഐ അധിഷ്ഠിത നിയമനം, കൃത്യമായ യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം എന്നിവയ്ക്ക് വലിയ പ്രധാന്യമുണ്ടെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. വിദൂര വർക്കിങ് സംവിധാനവും ഹൈബ്രിഡ് ജോലിയും സജീവമാകുന്നതോടെ കമ്പനികള്‍ക്ക് കൂടുതല്‍ യോഗ്യരായ ഉദ്യോഗർത്ഥികളെ കണ്ടെത്താന്‍ സാധിക്കും. രാജ്യാതിർത്തികള്‍ ഇവിടെ ഒരു തടസമല്ലാതായി മാറുന്നു. കാര്യക്ഷമത വർദ്ധിപ്പിച്ചും പക്ഷപാതങ്ങള്‍ കുറച്ചും നിയമന പ്രക്രിയകളിൽ എ ഐ സാങ്കേതിക വിദ്യ ഒരു വിപ്ലവം സൃഷ്ടിക്കാൻ പോകുകയാണ്. അതോടൊപ്പം തന്നെ കൃത്യമായ യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം തൊഴില്‍ ശക്തിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതായത് അടിസ്ഥാനപരമെങ്കിലും മികച്ച യോഗ്യതയുള്ള തൊഴിലാളികള്‍ക്ക് ഭാവിയും യു എ ഇയില്‍ അവസരങ്ങള്‍ കണ്ടെത്താനാകുമെന്ന് പഠനം വ്യക്തമാക്കുന്നു.












Click it and Unblock the Notifications