യുകെ ഇതെന്ത് ഭാവിച്ചാണ്: കുടിയേറ്റം തന്നെ അവസാനിപ്പിക്കുമോ? ആശങ്കയോടെ വിദ്യാർത്ഥികള്‍
രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി അടുത്ത കാലത്തായി ശക്തമായ നിയന്ത്രണങ്ങളാണ് യുകെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണം അടുത്ത കാലത്തായി കുത്തനെ ഉയർന്ന് രാജ്യത്ത പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നായും ഉയർന്ന് വന്നിട്ടുണ്ട്. യുകെയുടെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം, 2022-ൽ യുകെയിലേക്കുള്ള കുടിയേറ്റം റെക്കോർഡ് ഉയർന്ന നിരക്കായ 745000-ൽ എത്തിയിരിക്കുകയാണ്.
വിദേശ സാങ്കേതിക പ്രൊഫഷണലുകൾക്ക് നൽകിയ വർക്ക് പെർമിറ്റുകളുടെ എണ്ണം 39899 ൽ നിന്ന് ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021 മുതല്‍ നൽകിയ 76% കൂടുതൽ വർക്ക് പെർമിറ്റുകൾക്കൊപ്പം ഏറ്റവും വലിയ ശതമാനം വർദ്ധനയുണ്ടായത് വെബ് ഡിസൈനിന്റെയും ഡെവലപ്പമെന്റിയും മേഖലയിലാണ്. 2023 ജൂണിൽ അവസാനിച്ച വർഷത്തിൽ യുകെയിൽ പ്രവേശിച്ച 11,80,000 ആളുകളിൽ, കുറഞ്ഞത് ഒരു വർഷമെങ്കിലും തുടരണമെന്ന ഉദ്ദേശത്തോടെ (968000 പേർ) - യൂറോപ്യൻ യൂണിയന് പുറത്ത് നിന്നും എത്തിയവരാണ്.

റിപ്പോർട്ട് അനുസരിച്ച് 2023-ലും 2022-ലും വന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ കൂട്ടം വിദ്യാർത്ഥികളായിരുന്നു. എന്‍ എച്ച് എസി ലെയും സാമൂഹിക പരിപാലനത്തിലെയും രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം നികത്താൻ, ആരോഗ്യ സംരക്ഷണത്തിൽ പങ്കുവഹിക്കാൻ എത്തുന്ന തൊഴിലാളികളുടെ അനുപാതം ക്രമാനുഗതമായി ഉയരുകയായിരുന്നു.
യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാർ എത്തിയത് ഇന്ത്യയില്‍ നിന്നാണ് ( 253000 പേർ). നൈജീരിയ (1,41,000), ചൈന (89,000), പാകിസ്ഥാൻ (55,000), ഉക്രെയ്ൻ (35,000) എന്നിവരാണ് തൊട്ടുപിന്നില്‍. ഇവരില്‍ മൊത്തം 39% പേർ പഠനത്തിനായി യുകെയിൽ പ്രവേശിച്ചു, 33% പേർ ജോലിക്കും, 9% മറ്റ് കാരണങ്ങളാലും പുറത്തെത്തി.
കുടിയേറ്റം വളരെ ഉയർന്ന നിരക്കിലാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞു. "കുടിയേറ്റത്തിന്റെ മാത്രമല്ല, അഭയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പരാജയം" എന്നാണ് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടത്.
പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെയാണ്?
പുതിയ വിസ ചട്ടങ്ങൾ യുകെയിൽ എത്തുന്ന വിദ്യാർത്ഥികളുടെ ആശ്രിതരെയും രാജ്യത്ത് കുടുംബ ബന്ധമുള്ള വിദേശ പൗരന്മാരുടെ മറ്റ് വിഭാഗങ്ങളെയും നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്നു. വിസ തേടുന്ന വിദഗ്ധ തൊഴിലാളികളെ മിനിമം വേതന വ്യവസ്ഥയിലെ വർദ്ധനവ് ഉള്‍പ്പെടെ നേരിട്ട് ബാധിക്കും. 2024 ഫെബ്രുവരി മുതല്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് 30 ലക്ഷത്തോളമായിരിക്കും കുറഞ്ഞ വാർഷിക ശമ്പള നിരക്ക് പരിധി.
തൊഴിൽ വിസ കുടിയേറ്റക്കാരിൽ ഏകദേശം 50% ഉൾപ്പെടുന്ന ആൾത്ത്, സോഷ്യൽ കെയർ വർക്കർമാർ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള ഇടത്തരം നൈപുണ്യമുള്ള ജോലികളിലും പുതിയ നിയമം സ്വാധീനം ചെലുത്തിയേക്കും. കുടിയേറ്റ പരിചരണ തൊഴിലാളികൾ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിരോധനം, ബിരുദധാരികൾക്കുള്ള സ്റ്റുഡന്റ് വിസകളുടെ നിയന്ത്രണം, വിസയുടെ "ദുരുപയോഗം" തടയാൻ, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് തടയൽ, വിസ ഫീസ് വർധനവ് എന്നിവയും പുതിയ നിയന്ത്രണങ്ങളില്‍ വരുന്നു.
പുതിയ നിയമങ്ങൾ അതിർത്തിക്കപ്പുറമുള്ള കുടുംബ ബന്ധങ്ങളെ ബാധിക്കും എന്നതിനാല്‍ റീയൂണൈറ്റ് ഫാമിലീസ് പോലുള്ള അഭിഭാഷക ഗ്രൂപ്പുകൾ, പുതിയ ഇമിഗ്രേഷൻ നിയമങ്ങളെ വെല്ലുവിളിക്കാൻ നിയമപരമായ വഴികൾ ആരായുന്നതായി റിപ്പോർട്ടുണ്ട്. ഫലത്തില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള യുകെ മോഹികളെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ നയങ്ങള്‍












Click it and Unblock the Notifications