ചുമട്ടുതൊഴിലാളി, തലേക്കെട്ട്, കൊമ്പന്‍മീശ...
തിരുവനന്തപുരം: കേരളത്തിലെ ചുമട്ടുതൊഴിലാളിയുടെ കൊമ്പന്‍മീശയും തലേക്കെട്ടും പേടിസ്വപ്നമായിരുന്നു. വന്‍വ്യവസായികള്‍ മുതല്‍ സാധാരണക്കാരന്‍ വരെ ആ തലേക്കെട്ടിനെയും കൊമ്പന്‍മീശയെയും പേടിച്ചിരുന്നു.
യൂണിയന്‍കാരെ (ചുമട്ടുതൊഴിലാളികളെ) വിളിക്കും എന്ന് പറഞ്ഞ് അമ്മമാര്‍ വാശിപിടിക്കുന്ന കുട്ടികളുടെ കരച്ചില്‍ നിര്‍ത്തിയിരുന്നു. വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാനും കയറ്റാനും സഹായം വേണ്ടിയിരുന്നവരെല്ലാം ചുമട്ടുതൊഴിലാളിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഇനി അതിനെതിരെ ആരെങ്കിലും ചോദ്യം ചെയ്താലോ? ശാരീരികപീഡനം മുതലുള്ള കലാപരിപാടികളായിരിക്കും മറുപടി.
കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചുമട്ടുതൊഴിലാളികള്‍ വരെ ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നു. ഇനി ആരെങ്കിലും സ്വന്തക്കാരെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കുകയാണെങ്കില്‍ നോട്ടക്കൂലി എന്ന പേരില്‍ പ്രത്യേകം കൂലി വാങ്ങുന്നതില്‍ എല്ലാ നിറങ്ങളിലുള്ള തലേക്കെട്ടുകാരും ഒറ്റക്കെട്ടായിരുന്നു.
എന്തായാലും കേരളത്തിന്റെ പേടിസ്വപ്നങ്ങളായ കൊമ്പന്‍മീശ, തലേക്കെട്ട് എന്നീ പ്രതീകങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. സര്‍ക്കാരിന്റെ ഈ ശ്രമങ്ങളെ നമുക്ക് പിന്തുണക്കാം.
സ്വന്തം സാധനങ്ങളുടെ കയറ്റിറക്കുമതിയ്ക്കുള്ള അവകാശം ഉടമകള്‍ക്ക് തിരിച്ചുകിട്ടുന്ന നാളുകള്‍ ഓര്‍മ്മിച്ചുനോക്കൂ. പുതിയ നിയമം ഈ സ്വാതന്ത്യ്രം അനുവദിക്കുന്നു. അതായത് സാധനങ്ങള്‍ (വാണിജ്യേതര ആവശ്യങ്ങള്‍ക്കുള്ള) ഉടമയ്ക്ക് ഇഷ്ടമുള്ളവരെക്കൊണ്ട് ഇറക്കാം. ഈ സ്വാതന്ത്യ്രം ഉടമയ്ക്ക് നല്കുന്ന തൊഴില്‍ നയം നടപ്പാക്കുമെന്ന് മെയ് മൂന്ന് വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇത് മാത്രമല്ല, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നപേരില്‍ നടമാടിയിരുന്ന ട്രേഡ്യൂണിയന്‍ ഭീകരതെ ചോദ്യം ചെയ്യാനും സര്‍ക്കാര്‍ പുതിയ നയംകൊണ്ട് ഉദ്ദേശിക്കുന്നു. തൊഴില്‍ തര്‍ക്കത്തിലുള്‍പ്പെട്ടിട്ടുള്ള ക്രിമനല്‍ നടപടികളില്‍ പൊലീസിന് ഇടപെടാന്‍ സ്വാതന്ത്യ്രം നല്കാനാണും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ഇതോടെ ട്രേഡ്യൂണിയന്റെ പേരില്‍ മീശപിരിച്ചിരുന്ന ചില യൂണിയന്‍ നേതാക്കള്‍ക്ക് തൊഴിഴിലില്ലാതാകുന്ന ഒരു കാലം വന്നേക്കും.
ഒരു പക്ഷെ പ്രതിപക്ഷ നേതാവ് ആരോപിച്ചതുപോലെ സര്‍ക്കാര്‍ എഡിബിയുടെ വായ്പ കിട്ടാന്‍ വേണ്ടിയായിരിക്കാം ഈ നയം നടപ്പാക്കുന്നത്. എന്തിന്റെ പേരിലായാലും ആ കൊമ്പന്‍മീശയും തലേക്കെട്ടും മൂലം കേരളത്തിന് നഷ്ടമായ സൗഭാഗ്യങ്ങള്‍ ഇനിയെങ്കിലും വൈകാതെ തിരിച്ചുകൊണ്ടുവരാന്‍ ഈ നിയമം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കാം.