കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതികെട്ടാന്‍ മാണിയുടെ ഉറക്കം കെടുത്തുന്നു...

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: മതികെട്ടാനെന്ന എല്ലിന്‍കഷണം ഉപേക്ഷിക്കാന്‍ ഒടുവില്‍ റവന്യൂമന്ത്രി മാണി തീരുമാനിച്ചിരിക്കുന്നു. സംഗതി കേന്ദ്രവനംവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടതോടെ തല്ക്കാലം വിവാദത്തില്‍ നിന്നും തലയൂരാനാണ് മാണിയുടെ ശ്രമമെന്നു വേണം കരുതാന്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചോലവനമാണ് മതികെട്ടാന്‍ എന്ന് വന്നതോടെയാണ് കേന്ദ്രം മതികെട്ടാനില്‍ ഇടപെടാന്‍ തീരുമാനിച്ചത്. മതികെട്ടാനിന്മേലുള്ള അവകാശം തനിക്ക് വേണ്ടേ വേണ്ട എന്നാണ് മാണി മെയ് മൂന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഇതുവരെ മതികെട്ടാനിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മതികെട്ടാനില്‍ കുടിയേറിയവര്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാനാവശ്യമായ രേഖകളുമായാണ് കുടിയേറ്റം നടത്തിയിരിക്കുന്നത്. ഇതിന് ആവശ്യമായ സഹായം റവന്യൂ വകുപ്പില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. മതികെട്ടാനില്‍ നിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ നാടകം എവിടെയുമെത്താതെ അവസാനിച്ചു. പൊലീസുകാരുടെ സഹായത്തോടെ മതികെട്ടാനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് കുടിയേറ്റക്കാരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുടിയേറ്റക്കാരെല്ലാം ഇത് മണത്തറിഞ്ഞ് തല്ക്കാലം മലയിറങ്ങിപ്പോവുകയായിരുന്നു. പക്ഷെ ഇവര്‍ അധികം താമസിയാതെ വീണ്ടും മതികെട്ടാനിലെത്തുമെന്നുറപ്പാണ്.

എന്തായാലും മതികെട്ടാന്റെ ഭാരം തല്ക്കാലം വനംമന്ത്രി സുധാകരന്റെ തലയില്‍ വച്ചുകെട്ടാനാണ് മാണിയുടെ ശ്രമം. എന്നാല്‍ മതികെട്ടാനിലെ മരങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ വനംവകുപ്പിന് ഉത്തരവാദിത്വമുള്ളൂ എന്ന് മെയ് മൂന്ന് വെള്ളിയാഴ്ച വനംമന്ത്രി സുധാകരനും വ്യക്തമാക്കിക്കഴിഞ്ഞു. സുധാകരനും മതികെട്ടാനിലെ കുടിയേറ്റക്കാരെ ഭയപ്പെടുന്നു എന്നര്‍ത്ഥം.

മതികെട്ടാനെക്കുറിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രിയില്‍ നിന്ന് എന്തെങ്കിലും അറിയാന്‍ ശ്രമിച്ച പത്രക്കാരോട് ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന പതിവു മറുപടിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാത്തെ മുഖ്യമന്ത്രിയേയും കരുത്തനായ വനംമന്ത്രിസുധാകരനേയും ഭയപ്പെടുത്തുന്ന ആരാണ് മതികെട്ടാനില്‍ വനംകയ്യേറിയവര്‍? അതാണ് ഇനി ലോകത്തിന് അറിയേണ്ടത്.

എന്തായാലും മതികെട്ടാനില്‍ മാണിയുടെ കൈപൊള്ളി. ആ പാപഭാരത്തില്‍ നിന്ന് നേരിട്ട് ഒഴിഞ്ഞ് ഇനി പിന്നില്‍ നിന്നും കരുക്കള്‍ നീക്കുന്ന ചാണക്യതന്ത്രമായിരിക്കും ഇനി മാണി പയറ്റുകയെന്നുവേണം കരുതാന്‍.

മന്ത്രി സുധാകരന്‍ ഇനി കരുതി ഇരിയ്ക്കണമെന്ന് സാരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X