സിബിഐ കോടതിയെ ധിക്കരിച്ചു
കൊച്ചി : സിസ്റര്‍ അഭയയുടെ ആന്തരാവയവ രാസപരിശോധനാ റിപ്പോര്‍ട്ടിലെ മറിമായം ഒരു വര്‍ഷം മുമ്പ് നേരിട്ട് ശ്രദ്ധയില്‍ പെടുത്തിയിട്ടും സിബിഐ അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് കോടതി തന്നെ തുറന്നു പറഞ്ഞു.
സിസ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനയില്‍ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് തിരുത്തിയെന്ന വിവരം ഒരു വര്‍ഷം മുമ്പ് അജ്ഞാതന്‍ കത്തിലൂടെ കോടതിയെ അറിയിക്കുകയായിരുന്നു.
അതീവ ഗുരുതരമായ ഈ വെളിപ്പെടുത്തല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 29നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ചേംബറില്‍ വിളിച്ചു വരുത്തി കോടതി കൈമാറിയത്.
കത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യമാണ് സിബിഐ ധിക്കരിച്ചത്. തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ ലാബില്‍ പോയി തെളിവെടുക്കുകയോ റിപ്പോര്‍ട്ട് എറണാകുളത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല.
ഏതാണ്ട് നാലുമാസത്തിലേറെക്കാലം അനാസ്ഥ പുലര്‍ത്തിയ സിബിഐ പരിശോധനാ റിപ്പോര്‍ട്ടിലെ ക്രമക്കേട് മാധ്യമങ്ങളില്‍ വരികയും തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ഇടപെടുകയും ചെയ്ത ശേഷമാണ് അനങ്ങിത്തുടങ്ങിയത്.
ദുരൂഹവും മനപ്പൂര്‍വവുമായ ഈ കൃത്യവിലോപത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 2006 നവംബര്‍ 29ന് കോടതി നേരിട്ട് നല്‍കിയ നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ ഈ മാസം 30ന് അറിയിക്കാന്‍ സിബിഐയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്ന ചീഫ് കെമിക്കല്‍ ലബോറട്ടറിയുടെ വര്‍ക്ക്ബുക്ക് എറണാകുളം കോടതിയിലേയ്ക്ക് വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.
അഭയക്കേസില്‍ നിന്നും തലയൂരാന്‍ പലപ്പോഴായി സിബിഐ നടത്തിയ ശ്രമങ്ങളെല്ലാം തടഞ്ഞത് കോടതിയാണ്. സിസ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും എന്നാല്‍ കൊലപാതകികളെ കണ്ടെത്താന്‍ തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി 2006 ആഗസ്റ് 21 നല്‍കിയ അപേക്ഷ കോടതി തളളിയിരുന്നു.
തുടര്‍ന്നാണ് നവംബറില്‍ സുപ്രധാനമായ തെളിവ് കോടതി തന്നെ സിബിഐയെ നേരിട്ട് ഏല്‍പ്പിച്ചത്. എന്നാല്‍ ഇതിന്മേല്‍ സിബിഐ നടപടിയൊന്നുമെടുത്തില്ല.
പരിശോധനാ റിപ്പോര്‍ട്ടിലെ ക്രമക്കേട് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നയുടനെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി സ്വമേധയാ ഇടപെടുകയും ലാബില്‍ നിന്നും റിപ്പോര്‍ട്ടും മറ്റു രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് വര്‍ക്കു ബുക്ക് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിബിഐ എറണാകുളം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications