കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി പീഡന വിവാദം അവസാനിച്ചു, കുര്യന്‍ കുറ്റവിമുക്തന്‍

  • By Staff
Google Oneindia Malayalam News

P.J Kurienദില്ലി: സൂര്യനെല്ലി പീഡനക്കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ പി.ജെ കുര്യനെ സുപ്രിം കോടതി കുറ്റവിമുക്തനാക്കി. കുര്യനെ വിചാരണചെയ്യേണ്ടതില്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി വെള്ളിയാഴ്‌ച സുപ്രിം കോടതി തള്ളി.

ഇതോടെ പതിനൊന്നുവര്‍ഷക്കാലമായി കേരളരാഷ്ട്രീയത്തെ ഇളക്കിമറിയ്‌ക്കുയും കുര്യന്റെ ഉറക്കം കെടുത്തുകയും ചെയ്‌ത വിവാദത്തിന്‌ അവസാനമായി. 1996ല്‍ കേന്ദ്രമന്ത്രിയായിരിക്കേ കുമളിയിലെ പഞ്ചായത്ത്‌ റസ്റ്റ്‌ ഹൗസില്‍വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ്‌ കുര്യനെതിരെയുണ്ടായിരുന്ന പരാതി.

പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായപ്രകാരം വിചാരണക്കോടതി അദ്ദേഹത്തെ കേസില്‍ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോള്‍ സ്വകാര്യ അന്യായത്തില്‍ സര്‍ക്കാറിന്‌ എന്താണ്‌ കാര്യം എന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട ബഞ്ച്‌ ചോദിച്ചു.

കേസില്‍ എട്ടുപേര്‍ നിയമപ്രകാരം കുര്യനെതിരെ മൊഴി നല്‍കിയിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്ന്‌ തെളിഞ്ഞതിനാല്‍ വിചാരണചെയ്യണമെന്നും സര്‍ക്കാറല്ലാതെ ആരാണ്‌ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുകയെന്നുമായിരുന്നു സര്‍ക്കാറിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ്‌ ധവാന്റെ മറുചോദ്യം. എന്നാല്‍ എട്ടല്ല, നൂറു സാക്ഷികളെ വരെ ഹാജരാക്കാനാകുമെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ ചൂണ്‌ടിക്കാട്ടി.

നിയമപ്രകാരമുള്ള മൊഴി മറികടക്കാന്‍ കുര്യന്‍ പറയുന്നത്‌ സംഭവം നടന്നദിവസം താന്‍ തിരുവല്ലയില്‍ ആയിരുന്നുവെന്നാണ്‌. അവിടെയനിന്നും ദില്ലിയ്‌ക്ക്‌ 27തവണഫോണ്‍ ചെയ്‌തുവെന്ന്‌ കാണിയ്‌ക്കുന്ന രേഖകളാണ്‌ അദ്ദേഹം ഹാജരാക്കിയത്‌. അത്‌ തെളിവായെടുക്കാതെ അദ്ദേഹത്തെ കുറ്റവിചാരണചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കേരള പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാക്കാര്യങ്ങളും പരിഗണിച്ച ശേഷം നല്‍കിയ റിപ്പോര്‍ട്ട്‌ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണെ്‌ടന്നു പരമോന്നത കോടതി ചൂണ്‌ടിക്കാട്ടി. സര്‍ക്കാര്‍ തന്നെ നിയോഗിച്ച മൂന്നു ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണങ്ങളില്‍ കുര്യനെ പ്രതി ചേര്‍ത്തിട്ടില്ല.

സ്വന്തം പോലീസിന്റെ അന്വേഷണത്തെ വിശ്വാസത്തിലെടുക്കേണ്‌ടതല്ലേയെന്നും അന്വേഷണത്തില്‍ തൃപ്‌തിയില്ലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പുനരന്വേഷണം നടത്താമായിരുന്നില്ലേയെന്നും കോടതി ആരാഞ്ഞു. 1996-ല്‍ നടന്നതായി പറയുന്ന കേസില്‍ മൂന്നു വര്‍ഷത്തിനു ശേഷമാണ്‌ പെണ്‍കുട്ടി സ്വകാര്യ അന്വായം കൊടുത്തതെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ ഓര്‍മിപ്പിച്ചു. മൂന്നു വര്‍ഷക്കാലം വരെ എന്തു കൊണ്‌ട്‌ പരാതി ഉണ്‌ടായില്ലെന്നും കോടതി ചോദിച്ചു.

ആദ്യ അന്വേഷണ സംഘം പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്‌ നടത്താതിരുന്നതിനാലാണ്‌ സ്വകാര്യ അന്വായം വൈകിയതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ പറഞ്ഞു. സ്വകാര്യ അന്യായത്തില്‍ കുര്യനെ കുറ്റവിചാരണ ചെയ്യാനുള്ള കീഴ്‌ക്കോടതി തീരുമാനത്തിനെതിരെ വിചാരണക്കോടതിയെത്തന്നെ സമീപിയ്‌ക്കാന്‍ സുപ്രിം കോടതി 2005ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കുര്യന്റെ അപേക്ഷ തള്ളിക്കൊണ്ട്‌ കീഴ്‌ക്കോടതി അദ്ദേഹത്തെ പ്രതിയാക്കി. അതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ്‌ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X