ഗോള്‍ഫ് ക്ലബ്: റവന്യൂ സെക്രട്ടറി ബോധിപ്പിച്ചത് തെറ്റായ വിവരമെന്ന് സര്‍ക്കാര്‍
കൊച്ചി: ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു നിവേദിത പി.ഹരന്‍ വ്യക്തിപരമായി നല്‍കിയ റിവ്യൂ ഹര്‍ജിയിലും തുടര്‍ന്നു നല്‍കിയ മാപ്പപേക്ഷയിലും പറയുന്നതു തെറ്റായ വിവരങ്ങളാണെന്നു സര്‍ക്കാരിനുവേണ്ടി നിയമവകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി വി. ഷാജിമോനാണു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുള്ളത്. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും മനഃപൂര്‍വമല്ലെങ്കിലും ഇത്തരമൊരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും നിയമ സെക്രട്ടറിയുടെ രേഖാമൂലമുള്ള കുറിപ്പ് ലഭിക്കും മുമ്പ് തന്നെ മന്ത്രിസഭാ നിര്‍ദേശം നടപ്പാക്കാന്‍ ഉത്തരവ് നല്‍കിയിരുന്നെന്നും മറ്റും ചൂണ്ടിക്കാണിച്ചാണ് നേരിട്ട് ഹാജരാകണമെന്ന ജൂണ്‍ രണ്ടിലെ കോടതി ഉത്തരവ് പുനഃപരിശോധിക്കാന്‍ നിവേദിത റിവ്യൂ ഹര്‍ജി നല്‍കിയത്.
റിവ്യൂ ഹരജിയിലും ഇതോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ചില തെറ്റായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും യഥാര്‍ഥ വസ്തുതകള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സത്യവാങ്മൂലം നല്‍കുന്നതെന്നുമാണ് നിയമ വകുപ്പ് പറഞ്ഞിട്ടുള്ളത്.
ഗോള്‍ഫ് ക്ളബ് ഏറ്റെടുക്കുന്നത് തിങ്കളാഴ്ച വരെ നിര്‍ത്തിവെക്കണമെന്ന കോടതിയുടെ വാക്കാല്‍ നിര്‍ദേശം ഗവ.പ്ളീഡര്‍ ഡി.അനില്‍കുമാര്‍ മേയ് 31- ശനിയാഴ്ച അറിയിച്ചപ്പോള്‍ അക്കാര്യം രേഖാമൂലം വേണമെന്ന് നിവേദിത പി.ഹരന്‍ ആവശ്യപ്പെട്ടിരുന്നില്ല.
മന്ത്രിസഭാ തീരുമാനം നടപ്പാക്കേണ്ടതിനാല്‍ എ.ജിയുടെ നിര്‍ദേശം പാലിക്കാന്‍ നിര്‍വാഹമില്ലെന്നാണു നിവേദിത പി.ഹരന്‍ യഥാര്‍ഥത്തില്‍ പറഞ്ഞത്. ക്ളബ് തിങ്കളാഴ്ച വരെ ഏറ്റെടുക്കരുതെന്നുള്ള അഡ്വക്കറ്റ് ജനറലിന്റെ അറിയിപ്പ് ഉള്‍ക്കൊള്ളുന്ന നിയമവകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് ശനിയാഴ്ച രാത്രി എട്ടര മണിക്കാണ് തനിക്ക് കിട്ടിയതെന്ന നിവേദിതയുടെ വിശദീകരണവും ശരിയല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗോള്‍ഫ് ക്ളബ് ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജിയെ പറ്റി അറിയിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ബന്ധപ്പെടുമ്പോള്‍ നിയമ വകുപ്പ് സെക്രട്ടറി, ജസ്റ്റിസ് എല്‍.മനോഹരനുമായി യോഗത്തിലായിരുന്നു.
ഈ യോഗത്തില്‍ നിവേദിതയും പങ്കെടുത്തിരുന്നു. അഡ്വക്കറ്റ് ജനറലില്‍ നിന്ന് ലഭിച്ച വിവരം നിയമ വകുപ്പ് സെക്രട്ടറി അപ്പോള്‍ തന്നെ നിവേദിതയെ അറിയിച്ചു. തത്സമയം ഇക്കാര്യം രേഖാമൂലം നല്‍കണമെന്ന് നിവേദിത ആവശ്യപ്പെട്ടു. ചേമ്പറില്‍ തിരിച്ചെത്തിയ നിയമവകുപ്പ് സെക്രട്ടറി കുറിപ്പ് തയ്യാറാക്കി പ്യൂണ്‍ കെ.കെ.ഷാജുലാല്‍ മുഖാന്തിരം ശനിയാഴ്ച മൂന്നു മണിക്ക് അത് റവന്യു സെക്രട്ടറിയുടെ ഓഫീസില്‍ എത്തിക്കുകയും ചെയ്തു. കുറിപ്പിന്റെ പകര്‍പ്പ് നിയമ വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്കും നല്‍കിയിരുന്നു.
മറ്റൊരു പകര്‍പ്പ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിലേക്ക് ഫാക്സ് വഴിയും അയച്ചു. വൈകുന്നേരം 3.53- ന് പ്രസ്തുത ഫാക്സ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ എത്തുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖാമൂലം തെളിവും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. നിയമവകുപ്പ് സെക്രട്ടറിയില്‍ നിന്ന് ലഭിച്ച വിവരം യഥാസമയം നിവേദിതയെ അറിയിച്ചിരുന്നതായി വ്യക്തമാക്കി ജൂണ്‍ 11- ന് ചീഫ് സെക്രട്ടറി അയച്ച കത്തും സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
മാര്‍ച്ച് 31- ന് വൈകുന്നേരം നിയമവകുപ്പ് മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തില്‍ ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ സംബന്ധിച്ച അഡ്വക്കറ്റ് ജനറലിനെ കേസ് സംബന്ധിച്ച കുറിപ്പ് നിവേദിതയ്ക്ക് കൈമാറിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. ചീഫ് സെക്രട്ടറി മുഖാന്തിരം നല്‍കിയ കുറിപ്പ് ആറര മണിക്കു മുമ്പ് നിവേദിതയ്ക്ക് കൈമാറി.
ഇക്കാരണങ്ങളാല്‍ രാത്രി എട്ടര മണിക്കാണ് നിയമ വകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് ലഭിച്ചതെന്ന നിവേദിതയുടെ വിശദീകരണം ശരിയല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഗോള്‍ഫ് ക്ളബ് തിങ്കളാഴ്ച വരെ ഏറ്റെടുക്കരുതെന്ന് ഗവണ്‍മെന്‍റ് പ്ളീഡര്‍ അറിയിച്ചെങ്കിലും അത് രേഖാമൂലം നല്‍കിയില്ലെന്നും ശനിയാഴ്ച രാത്രി എട്ടരമണിക്കാണ് നിയമവകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് കിട്ടിയതെന്നുമാണ് നിവേദിത പി.ഹരന്‍ റിവ്യൂ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
എജിയുടെ നിര്‍ദേശം മറികടന്ന് ക്ളബ് ഏറ്റെടുത്തതിനു നിവേദിത നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയെ അറിയിക്കുക മാത്രമാണ് സത്യവാങ്മൂലത്തിന്റെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications