യൂത്ത് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
തിരുവനന്തപുരം : യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹികളെ നിയമിക്കാന് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ് കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്ന്ന് ഒരു ഇടവേളയ്ക്കു ശേഷം കോണ്ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി എസ് ജലീല് മുഹമ്മദാണ് കോഴ വിവാദവുമായി രംഗത്തെത്തിയത്. പരസ്യ വിമര്ശനത്തിന്റെ പേരില് ജലീലിനെ കേന്ദ്ര നേതൃത്വം പുറത്താക്കിയെങ്കിലും സിദ്ദിഖിനെതിരെ വിമതര് ശക്തിയായി രംഗത്തിറങ്ങിയിരിക്കുകയാണ്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റിന് തീവ്രവാദി ബന്ധമുണ്ടെന്നാണ് എതിര് വിഭാഗം ആരോപിക്കുന്നത്. വരുന്ന പാര്ലമെന്റ് തിരഞ്ഞെടുപ്പില് സിദ്ദിഖിന്റെ സ്ഥാനാര്ത്ഥിത്വത്തിന് പാരവെയ്ക്കാനാണത്രേ തീവ്രവാദി ആരോപണം കുത്തിപ്പൊക്കുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയില് പുറത്തു വിട്ട ഭാരവാഹി പട്ടികയ്ക്കെതിരെ ഗ്രൂപ്പു ഭേദമില്ലാതെ അമര്ഷം വ്യാപകമാവുകയാണ്. കെ കരുണാകരന് നിര്ദ്ദേശിച്ചവരെ പോലും പട്ടികയില് ഉള്പ്പെടുത്തിയില്ലെന്ന് ആരോപിച്ച ജലീല് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ്.
തീവ്രവാദി സംഘടനായ സിമിയുമായി തങ്ങളുടെ നേതാവിന് ബന്ധമുണ്ടെന്നാണ് യൂത്ത് കോണ്ഗ്രസുകാര് പത്രസമ്മേളനം നടത്തി ആരോപിക്കുന്നത്. സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടു പരിശോധിക്കണമെന്നും ആവശ്യമുയര്ന്നിട്ടുണ്ട്.
മൂന്നാം ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് പുറത്താക്കപ്പെട്ട ജലീല് യൂത്ത് കോണ്ഗ്രസ് ഭാരവാഹിയായത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെയും വിമര്ശനം നീളിന്നുണ്ട്. കോണ്ഗ്രസ് നേതൃത്വത്തിന്റെ ചൊല്പ്പടിയിലാണ് യൂത്ത് കോണ്ഗ്രസെന്നും ഇടതു സര്ക്കാരിനെതിരെ സമരരംഗത്തിറങ്ങുന്നതില് നിന്നും സംഘടനയെ കോണ്ഗ്രസ് വിലക്കുകയാണെന്നുമാണ് ആരോപണം.
താഴേത്തട്ടില് പ്രവര്ത്തിച്ച് പരിചയമില്ലാത്തവരെയും 35 വയസിന്റെ പ്രായപരിധി കഴിഞ്ഞവരെയും സിദ്ദിഖ് ഭാരവാഹിപ്പട്ടികയില് ഉള്പ്പെടുത്തിയെന്ന് വിമതര് ആരോപിക്കുന്നു. കോഴ നല്കി നേതാവായവരെ പുറത്താക്കണമെന്നും ഭാരവാഹിപ്പട്ടിക പുതുക്കി നിശ്ചയിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇതിനു വേണ്ടി സോണിയയെ സമീപിക്കാന് തയ്യാറെടുക്കുകയാണ് പ്രബലമായ വിഭാഗം.
ജയ് ഹിന്ദ് ചാനലിന്റെ തലപ്പത്തിരിക്കുന്ന വിദേശ മലയാളിയാണ് സിദ്ദിഖിനു വേണ്ടി പണം മുടക്കുന്നതെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ സീറ്റ് ഇദ്ദേഹം പേമെന്റ് സീറ്റാക്കി തരപ്പെടുത്തിയെന്നും കോണ്ഗ്രസുകാരിലൊരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്ഗ്രസിനെ മറയാക്കി കോണ്ഗ്രസിലെ ഒരു വിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ രംഗത്തു വരാനുളള സാധ്യതയുമുണ്ട്.












Click it and Unblock the Notifications