ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെടിവെയ്‌പ്
ദില്ലി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിവെയ്‌പ്. വിമാനത്താവളത്തിന് മുന്നില്‍ ക്വാളിസ് കാറിലെത്തിയവര്‍ മൂന്ന് റൗണ്ട് വെടിവെച്ച ശേഷം രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു.
വെള്ളിയാഴ്‌ച പുലര്‍ച്ചെ 1.10 ഓടെയാണ് സംഭവം. വിമാനത്താവളത്തിന്റെ ഗേറ്റില്‍ വെടിവെയ്‌പിന് സമാനമായ ശബ്ദം കേട്ടുവെന്ന് യാത്രക്കാരില്‍ ചിലര്‍ സിഐഎസ്‌എഫിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ആരും ദൃക്‌സാക്ഷികളില്ല.
വെടിവെയ്‌പ് നടന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല എന്‍എസ്‌ജി കമാന്‍ഡോകള്‍ ഏറ്റെടുത്തു. ഹരിയാന രജിസ്‌ട്രേഷനുള്ള ഒരു കാറില്‍ നിന്നാണ് വെടിവെയ്‌പ് ഉണ്ടായതെന്ന് പറയുന്നു. രാജ്യാന്തര ടെര്‍മിനലിലേക്ക് തിരിയുന്ന ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കായി തടഞ്ഞപ്പോഴാണ് കാറിലുണ്ടായിരുന്നവര്‍ നിറയൊഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരര്‍ വിമാനം റാഞ്ചി ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നതില്‍ പുതിയ സംഭവം വന്‍പരിഭ്രാന്തി പരത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ചു കൊണ്ടിരിയ്‌ക്കുകയാണ്.
വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും വിമാന സര്‍വീസുകളെല്ലാം പതിവ് പോലെ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും ചില ദേശീയ ചാനലുകളുമാണ് വെടിവെയ്‌പ് വിവരം റിപ്പോര്‍ട്ട് ചെയ്‌തത്.ആയുധധാരികളായ ആറു പേരുമായി ഏറ്റുമുട്ടല്‍ നടന്നെന്ന് ബിബിസിയും റിപ്പോര്‍ട്ട് ചെയ്‌തു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ബിബിസിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ല.












Click it and Unblock the Notifications