പന്നിപ്പനി: പുനെയില്‍ 13കാരി മരിച്ചു
ദില്ലി: പന്നിപ്പനി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും രാജ്യത്ത് കൂടുതല്‍ പേര്‍ രോഗത്തിന്റെ ഇരകളാകുന്നു.
പുനെയില്‍ ചൊവ്വാഴ്‌ച രാവിലെ പതിമൂന്നുകാരിയും ചെന്നൈയില്‍ തിങ്കളാഴ്‌ച ഒരു യുവാവും മരിച്ചതോടെ രാജ്യത്തെ പന്നിപ്പനി മരണം എട്ടായി.
പുനെയില്‍ വീണ്ടും മരണം സംഭവിച്ചതോടെ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും സര്‍ക്കാര്‍ ഒരാഴ്‌ചത്തെ അവധി നല്‍കിയിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍ മൂന്നു ദിവസത്തേയ്‌ക്ക് അടച്ചിടാനും തിയേറ്ററുകളുടെയും മറ്റും പ്രവര്‍ത്തനം നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുനെയില്‍ ശ്രുതി ഗവാദെ എന്ന കുട്ടിയാണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ മരിച്ചത്. അഹല്യാദേവി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. പുനെയില്‍ പന്നിപ്പനി ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഈ പെണ്‍കുട്ടി. നാരായണ്‍ പേട്ട് സ്വദേശിയായ കുട്ടി ആഗസ്റ്റ് ആറു മുതല്‍ വെന്റിലേറ്ററിലായിരുന്നു.
ചെന്നൈയില്‍ മരിച്ച നാലുവയസ്സുകാരന്‍ പഠിച്ചിരുന്ന സ്‌കൂളിനും സര്‍ക്കാര്‍ ഒരാഴ്‌ചത്തേയ്‌ക്ക് അവധി നല്‍കിയിരിക്കുകയാണ്. മരിച്ച ആണ്‍കുട്ടിയുടെ സഹോദരനും സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയ്‌ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ കേരളത്തില്‍ പന്നിപ്പനി ലക്ഷണങ്ങളുമായി മൂന്നുപേരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും മൂന്നു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാജ്യത്താകെ 95 പേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികള്‍ 959ആയി.












Click it and Unblock the Notifications