വീടുവാങ്ങുന്നവര്‍ക്ക് പശു ഫ്രീ
അഹമദാബാദ്: ഇപ്പോള്‍ വിപണിയില്‍ ഓഫറുകളുടെ പ്രളയമാണ്, ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ, ടിവിയ്‌ക്കൊപ്പം ഡിവിഡി പ്ലെയര്‍ ഫ്രീ എന്നുവേണ്ട എന്തുവാങ്ങിയാലും കൂടെയെന്തെങ്കിലും ഫ്രീയായി കിട്ടുമെന്നതാണ് അവസ്ഥ.
ഒരു വീടുവാങ്ങുമ്പോള്‍ ഒരു പശുവിനെ ഫ്രീ കിട്ടിയാല്‍ എങ്ങനെയിരിക്കും. തമാശയാണെന്ന് കരുതേണ്ട രാജ്‌കോട്ടിലാണ് വീടുവാങ്ങിയില്‍ പശു ഫ്രീ എന്ന ഓഫറുമായി ബില്‍ഡേര്‍സ് രംഗത്തെത്തിയിരിക്കുന്നത്.
കൊതാരിയ ഗ്രാമത്തില്‍ 51 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് പശുവിനെ സൗജന്യമായി ലഭിയ്ക്കുന്നത്.
പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഓരോ വീടിനൊപ്പവും ഒരു പശു ഫ്രീം എന്ന ഓഫര്‍ ബില്‍ഡേഴ്‌സ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹിന്ദുമതപ്രകാരം പശുവിന് ആത്മീയതയുമായി ബന്ധമുണ്ട്.
അതുകൊണ്ടുതന്നെ പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കണം, മാത്രമല്ല റോഡില്‍ അഴിച്ചുവിടുന്നതിന് പകരം അവര്‍ക്ക് നല്ല വാസസ്ഥലം ഒരുക്കുകയും വേണം- പാര്‍പ്പിട സമുച്ഛയം നിര്‍മ്മിക്കുന്ന ധീരു രാമാനി പറഞ്ഞു.
രാജ്‌കോട്ടിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥാനാണ് ഇദ്ദേഹം. പശുക്കളോടുള്ള സ്‌നേഹം കാരണമാണ് ഇദ്ദേഹം തന്റെ അടുത്ത പ്രൊജക്ടില്‍ പശുക്കളെ സൗജന്യമായി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഒട്ടേറെയാളുകള്‍ പശു ഫ്രീ പ്രൊജക്ടില്‍ ആകൃഷ്ടരായി എത്തിയിട്ടുണ്ട്.
പുതിയ പ്രൊജക്ടില്‍ എണ്‍പത് ശതമാനം ബംഗ്ലാവുകളും ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു നിര്‍്മ്മാതാക്കള്‍ വീടിനൊപ്പം കാര്‍ സൗജന്യമായി നല്‍കുന്നേടത്താണ് ധീരു രാമാനി പശുക്കളെ നല്‍കുന്നത്.
എല്ലാവരും കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടെന്നത് പരസ്യവാചകമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാചകം കൗ പാര്‍ക്കിങ് ഫെസിലിറ്റിയാണ്. എന്നാല്‍ കാര്‍ നല്‍കുന്നവരേക്കാളേറെയാളുകള്‍ പശുക്കളില്‍ ആകൃഷ്ടരായി എത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
പതിനെട്ട് ലക്ഷത്തിനും 30ലക്ഷത്തിനും ഇടയില്‍ വിലവരുന്ന വീടികള്‍ വാങ്ങുന്നവര്‍ക്കാണ് പശുവിനെ നല്‍കുന്നത്. ഇപ്പോള്‍ ഇവിടത്തെ തൊഴുത്തില്‍ 150 ഗിര്‍ പശുക്കളാണുള്ളത്, ഇവയ്ക്ക് പ്രത്യേകമായി ഡോക്ടര്‍മാരുമുണ്ട്. വീട്ടുടമസ്ഥന്റെ പേരിലുള്ള ഭാഗത്തായിട്ടാണ് പശുക്കളെ കെട്ടുന്നത്.
തൊഴുത്തിന്റെ പ്രവര്‍ത്തനത്തിനായി പ്രതിമാസം അയ്യായിരം രൂപയാണ് മെയിന്റനന്‍സ് ഫീസായി വാങ്ങുന്നത്. പകരം വീട്ടുകാര്‍ക്കെല്ലാം പാലും പാലുല്‍പ്പന്നങ്ങളും പരസ്യമായി നല്‍കും. മിക്കവര്‍ക്കും ഫ്രീകിട്ടിയ പശുക്കള്‍ പ്രതിദിനം 22 ലിറ്റര്‍ പാലുവരെ നല്‍കുന്നുണ്ടത്രേ.












Click it and Unblock the Notifications