ബന്ദിയാക്കിയ യുവാവിനെ 100 രൂപ നല്‍കി തിരിച്ചയച്ചു
ചെന്നൈ: ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 25 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം ഒടുവില്‍ യാത്രക്കൂലിയും നല്‍കി ഇയാളെ വീട്ടിലേക്ക് അയച്ചു.
ചെന്നൈയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ കില്‍പാക്കിലെ ഗിഫ്റ്റ്‌ഷോപ്പ് ഉടമയുടെ മകന്‍ ഹുസൈനെയാണ് നവംബര്‍ 16ന് ചൊവ്വാഴ്ച രാത്രി ആറംഗസംഘം തട്ടിക്കൊണ്ടുപോയത്.
കട അടച്ചശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങവേയാണ് കാറിലെത്തിയ സംഘം ഹുസൈനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച ശേഷമായിരുന്നു യുവാവുമായി സംഘം കടന്നത്. പിറ്റേന്ന് രാവിലെ ഇവര്‍ ഹുസൈന്റെ പിതാവിനെ ഫോണില്‍വിളിച്ച് ഒന്നര കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
ഇതിനിടെ, ഓട്ടോഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ പിതാവിന് ലഭിച്ച ഫോണ്‍കോളുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി. ഇതിനിടെ അറസ്റ്റ്ഭയന്ന് യുവാവിനെ സംഘം വെങ്കല്‍ എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
വീട്ടില്‍ പോകാന്‍ അനുമതി നല്‍കിയ സംഘം യാത്രക്കൂലിയായി 100 രൂപയും യുവാവിന് നല്‍കി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഹുസൈന്റെ പിതാവിന്റെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications