അരിസോണയില്‍ വെടിവെപ്പ്; 6 മരണം
വാഷിങ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ ഒരു പൊതുപരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയുമായ ഗബ്രിയേല ഗില്‍ഫോല്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ പത്തു മണിയോടെയാണു സംഭവം.
അക്രമത്തില്‍ ഒരു ജഡ്ജും ഒമ്പത് വയസ്സുകാരിയും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് വെടിയേറ്റ ഗബ്രിയേലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇവരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യോഗത്തില്‍ സംബന്ധിച്ചവര്‍ക്കു നേരേ ആയുധധാരി നിറയൊഴിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇരുപത്തിരണ്ടുകാരനായ ജയേഡ് ലോഫ്‌നല്‍ എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളില്‍ നിന്ന് ഒമ്പതു മില്ലിമീറ്റര്‍ റിവോള്‍വറും കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം അക്രമണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. കോളെജ് വിദ്യാര്‍ഥിയായ ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കു മുന്‍പു ഗില്‍ഫോല്‍ഡിന്റെ ഓഫിസിനു നേരേ അക്രമം ഉണ്ടായിരുന്നു.
കഴിഞ്ഞ നവംബറില്‍ നേരിയ ഭൂരിപക്ഷത്തിനാണു ഗില്‍ഫോല്‍ഡ് അരിസോണ പ്രതിനിധിയായി കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുത്തത്. സംഭവത്തെ യു.എസ്.പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു. എഫ്ബിഐ. ഉദ്യോഗസ്ഥര്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഒബാമ അറിയിച്ചു.












Click it and Unblock the Notifications