പാതയോരത്ത് പന്തലിടേണ്ട: കോടതി

പൊതുനിരത്തു നിയമത്തിലെ നാലാം വകുപ്പു പ്രകാരമുള്ള നിരോധനം പൊതുവഴിക്കും ഫുട്പാത്തിനും റോഡുവക്കിനും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച 2010ലെ ഡിവിഷന്‍ ബെഞ്ച് വിധിയുടെയും പൊതുനിരത്തു നിയമത്തിന്റെയും ചുവടുപിടിച്ചാണു സുപ്രധാനമായ കോടതി വിധി. പൊതുനിരത്തില്‍ സംഘടിക്കാനും യോഗം ചേരാനും പൗരന് അവകാശമുണ്ടോ എന്ന കാര്യം 2010ലെ വിധിയില്‍ കോടതി വിശദമായി പരിശോധിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ആയുധമേന്താതെ സംഘടിക്കാന്‍ പൗരന് അവകാശമുണ്ടെന്ന ന്യായംപറഞ്ഞ്, പൊതുറോഡിലും നിരത്തുവക്കിലും നിയന്ത്രണമില്ലാതെ തടിച്ചു കൂടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിരത്തുവക്കില്‍ യോഗം ചേരുന്നതും, മൈക്ക് സെറ്റ് വച്ച് നാട്ടുകാരെ മുഴുവന്‍ കേള്‍വിക്കാരാക്കുന്നതും പൊതുജനത്തിന് ശല്യമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ അത് മനുഷ്യാവകാശലംഘനമാണ്.
ഹൈവേ സംരക്ഷണ നിയമപ്രകാരം ഇതിന് അനുമതിയില്ല. പൊതു നിരത്തു നിയമത്തിലെ നാലാം വകുപ്പില്‍, ഫുട്പാത്തിലും പൊതു നിരത്തിലും തടസമുണ്ടാക്കരുതെന്നു വ്യവസ്ഥയുണ്ട്. പൊതുനിരത്തെന്നാല്‍ റോഡു വക്കും നടപ്പാതയും ഉള്‍പ്പെടും. ഇക്കാരണത്താല്‍ നിയമത്തിന്റെ നാലാംവ്യവസ്ഥയിലെ നിയന്ത്രണം റോഡ് വക്കിലും നടപ്പാതയിലും ബാധകമാണെന്നു കോടതി വ്യക്തമാക്കി.
തൃശൂര്‍ കല്ലേറ്റുംകര സ്വദേശി കെ. ഡി. ആന്റണി സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിക്കാരന്റെ ഉടമസ്ഥതയില്‍ കുറ്റിപ്പുറം ടൗണിലുള്ള ബാറിനു മുന്നിലുള്ള നടപ്പാതയില്‍ റോഡിലേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള സമരപ്പന്തല്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റാന്‍ കോടതി പൊലീസിനോടു നിര്‍ദ്ദേശിച്ചു.
2011 ജൂണില്‍ ബാര്‍ സപ്‌ളയര്‍മാരും ഉപഭോക്താക്കളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇതിലുള്‍പ്പെട്ട അയൂബ് എന്നയാള്‍ പിറ്റേന്നു മരിക്കുകയും ചെയ്ത സംഭവത്തിന്റെ തുടര്‍ച്ചയായുള്ള പ്രതിഷേധമാണു കേസില്‍ കലാശിച്ചത്. പ്രതിഷേധവും മാര്‍ച്ചും ആരംഭിച്ചപ്പോള്‍ ബാറുടമ കോടതിയില്‍ നിന്നു പൊലീസ് സംരക്ഷണം നേടി. പ്രതിഷേധക്കാര്‍ ബാറിനു മുന്നില്‍ താല്‍ക്കാലിക ഷെഡ് കെട്ടി സമരം തുടങ്ങുകയായിരുന്നു.












Click it and Unblock the Notifications