ലോക്പാല്‍: എല്ലാ കണ്ണുകളും പാര്‍ലമെന്റിലേക്ക്

ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ശനിയാഴ്ച ബിജെപിയും കൊണ്ടുവരും. ബില്ലിലെ മൂന്നു പ്രധാന വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ അംഗീകരിക്കപ്പെടാതെ സത്യഗ്രഹത്തില്‍നിന്ന് പിന്മാറില്ലെന്ന് ഹസാരെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുക, ലോക്പാലിന്റെ അധികാരത്തോടെ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്കരിക്കുക, പൗരാവകാശരേഖ അംഗീകരിച്ച് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കിയാല്‍ സത്യഗ്രഹം അവസാനിപ്പിക്കും.
ഫലപ്രദമായ ലോക്പാലിനു പിന്തുണ ഉറപ്പിക്കാന്‍ ഹസാരെ സംഘം നടത്തിയ ഇടപെടലാണ് പ്രതിപക്ഷത്തെ ബില്ലിന് അനുകൂലമാക്കിയത്. ഹസാരെ സംഘത്തിനുവേണ്ടി പ്രശാന്ത് ഭൂഷണാണ് ബി.ജെ.പി നേതാക്കള്‍ക്കു പുറമെ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്.
ഹസാരെ സംഘത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റ് അംഗീകരിക്കണമെങ്കില്‍, ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവരേണ്ടതുണ്ട്. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്കൊടുവില്‍ പാസാക്കിയേക്കാവുന്ന പ്രമേയത്തിന്റെ സ്വഭാവത്തെക്കുറിച്ച് ശനിയാഴ്ച വിശദ ചര്‍ച്ചകള്‍ നടക്കും. പ്രമേയം പാസാക്കുമെന്ന് ഉറപ്പില്ല.
വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്കാണ് ബിജെപി വാദിച്ചതെങ്കിലും, സഭാസ്തംഭനത്തെ തുടര്‍ന്ന് സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗം വോട്ടെടുപ്പ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.. അതനുസരിച്ച് ധനമന്ത്രിയോ പ്രധാനമന്ത്രിയോ നടത്തുന്ന പ്രസ്താവനയോടെ ശനിയാഴ്ച രാവിലെ 11ന് ചര്‍ച്ച ആരംഭിക്കും.
അതിനൊടുവില്‍ ഹസാരെയുടെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം കൊണ്ടുവരുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യാം. മൂന്നു വിഷയങ്ങളിലും പാര്‍ലമെന്റിന്റെ വികാരത്തിനൊത്തു മാത്രമേ സര്‍ക്കാറിന് മുന്നോട്ടുപോകാന്‍ കഴിയൂ.












Click it and Unblock the Notifications