വെടിവെപ്പ്: അറസ്റ്റ് നീക്കം വഴിമുട്ടി

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നു കൊച്ചി തുറമുഖത്തെ ഓയില്‍ടാങ്കര്‍ ബെര്‍ത്തില്‍ എത്തിച്ച കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി രാവിലെ മുതല്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശമില്ലാതെ ചോദ്യംചെയ്യലുമായി സഹകരിക്കാനാവില്ലെന്ന നിലപാടാണു കപ്പലിന്റെ ക്യാപ്റ്റനും വ്യാഴാഴ്ച മുതല്‍ സ്ഥലത്തുള്ള ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍പൗലോ കുട്ടില്ലോയും സ്വീകരിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് പുറത്തുവെച്ചു നടന്ന സംഭവമായതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണു നടപടി എടുക്കേണ്ടതെന്നുമാണ് അവരുടെ നിലപാട്.
ഉഭയകക്ഷി ബന്ധങ്ങള്‍ വഷളാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന പൊതുനിലപാടില്‍ കേന്ദ്രവും എത്തിച്ചേര്‍ന്നതോടെ, അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയായി.
കേരളതീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം നടന്നതെന്നും 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ മാത്രമേ ഇന്ത്യന്‍ പോലീസിന് ഇടപെടാന്‍ അധികാരമുള്ളൂ എന്നുമാണ് ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിന്റെ വാദം.
അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. നിറയൊഴിച്ചയാള്‍ക്കെതിരേ നടപടി യുണ്ടാകും. 302-ാം വകുപ്പ് അനുസരിച്ചു കേസെടുത്തിട്ടുണെ്ടന്നും അദ്ദേഹം അറിയിച്ചു.
കപ്പലില്‍ ആറു സൈനികരാണുള്ളത്. ഒരാളാണു നിറയൊഴിച്ചതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നാണു പോലീസിന്റെ നിലപാട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ കപ്പല്‍ ഒരു കാരണവശാലും വിട്ടുകൊടുക്കാനാവില്ലെന്നു പോലീസ് വ്യക്തമാക്കി.
നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമേ കപ്പല്‍ വിട്ടുകൊടുക്കുകയുള്ളൂ. കപ്പലിലെ സുരക്ഷാ സേനാംഗങ്ങളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം.












Click it and Unblock the Notifications