നല്ല നായരും നാറിയ നായരും

Sukumaran Nair
ഭൂമിമലയാളത്തിലെ നായന്മാരുടെ ഗുണവും ദോഷവും നിശ്ചയിക്കാനുള്ള അധികാരം പെരുന്നയിലെ സമുദായാസ്ഥാനത്തിനാണ്. ഏറെ കടമ്പളുണ്ട് നല്ല നായരെന്ന പദവിയില്‍ എത്തിച്ചേരാന്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരിട്ടാണ് നല്ല നായരെയും മോശം നായരെയും തെരഞ്ഞെടുക്കുന്നത്. ഇടനിലക്കാരുടെയും ഉത്സാഹക്കമ്മിറ്റിക്കാരുടെയുമൊന്നും സ്വാധീനം ഇക്കാര്യത്തില്‍ സുകുമാരന്‍ നായരദ്ദേഹം പരിഗണിക്കുകയുമില്ല. നായര്‍ക്ക് ബോധ്യപ്പെടണം, മറ്റേ നായര്‍ യോഗ്യനാണെന്ന്. അപ്പോള്‍ തന്നെ പ്രഖ്യാപനവും നടത്തും. ആര്‍ ബാലകൃഷ്ണപിള്ള സമുദായത്തിന്റെ പാദസേവകനായി പണിചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതുവരെ സമുദായാസ്ഥാനത്തിന് പിള്ള നല്ല നായരാണെന്ന് തോന്നിയിട്ടില്ല, അഥവാ ആ പദവി പ്രഖ്യാപിച്ചിട്ടില്ല.

എന്‍ എസ് എസിന്റെ നല്ല നായര്‍ പദവിയില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ പദവിക്ക് എന്തുകൊണ്ടും യോഗ്യനാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോള്‍ എസ് എസ് എസ് ആസ്ഥാനത്തെത്തി സമുദായാചാര്യന്റെ സമാധിയില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 'ഈ വഴിക്ക് കണ്ടുപോകരുതെ'ന്നായിരുന്നല്ലോ സമുദായം ജനറല്‍ സെക്രട്ടറിയുടെ കല്‍പ്പന. ആ അവസ്ഥയില്‍ നിന്ന് ആഴ്ചകള്‍ക്കൊണ്ട് അതേ സമുദായാചാര്യന്റെ കയ്യില്‍ നിന്ന് പട്ടും വളയും വാങ്ങാന്‍ യോഗ്യത നേടിയതിന് പിന്നില്‍ തിരുവഞ്ചൂരെന്ന സാധുനായര്‍ എത്ര പണിയെടുത്തുകാണും എന്ന് ഊഹിക്കാമല്ലോ? ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ തിരുവായ്ക്ക് എതിര്‍വാ അനുവദിക്കാത്ത സമുദായാചാര്യനെ കുപ്പിയിലാക്കാന്‍ തിരുവഞ്ചൂരെടുത്ത 'പണിക്ക്' മിനിമം അദ്ദേഹത്തിന് പരമവീരചക്രമെങ്കിലും രാജ്യം നല്‍കേണ്ടിയിരിക്കുന്നു.

കെ പി സി സി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാനമന്ത്രി വി എസ് ശിവകുമാര്‍ തുടങ്ങിയ പിള്ളനായരാദികളെ പിന്നിലാക്കിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്ല നായര്‍പട്ടം നേടിയെടുത്തത്. തിരുവഞ്ചൂര്‍ നല്ലനായരാണെങ്കില്‍ നാറിയ നായര്‍ ആരെന്ന വിവരം വൈകാതെ സുകുമാരന്‍ നായര്‍ തന്നെ വെളിപ്പെടുത്തുമെന്ന് കരുതാം. സ്വഭാവമഹിമ കൊണ്ട്, ഉള്ള കാര്യം ഉള്ളതുപോലെ ആരുടെയും മുഖത്തുനോക്കി പറയാനും മടിയില്ലാത്ത ആളാണ് അദ്ദേഹം എന്നതിനാല്‍ വൈകാതെ ഇതും പ്രതീക്ഷിക്കാം..

എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്നുവാണ ഭാരതകേസരി മന്നത്തപ്പനെപ്പോലെ വാല്‍സല്യനിധിയോ അതിന് ശേഷം സമുദായത്തെ ദീര്‍ഘകാലം പടനയിച്ച പി കെ നാരായണപ്പണിക്കരെപോലെ സാത്വികനോ അല്ല ജി സുകുമാരന്‍ നായര്‍. അടിമുതല്‍ മുടിവരെ കറകളഞ്ഞ നായരെന്ന് മാത്രമല്ല, സമുദായത്തിന് വേണ്ടി ചോരചിന്താന്‍ പോലും മടിക്കാത്ത സിംഹക്കുട്ടിയാണ് അദ്ദേഹം. എന്‍ എസ് എസ് ആസ്ഥാനത്ത് ഗുമസ്തപ്പണിക്കെത്തിയ സുകുമാരന്‍ നായര്‍ക്ക് കഴിവില്ലെന്ന് ആരും പറയില്ല. അതുല്യമായ വാഗ്്‌വിലാസവും പ്രതിഭാവിലാസവും ഉള്ളതുകൊണ്ടാണല്ലോ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ ഇരുന്ന് വാണ ജനറല്‍ സെക്രട്ടറി കസേരയില്‍ അദ്ദേഹമിപ്പോള്‍ ആസനസ്ഥനായിരിക്കുന്നത്. അതുകൊണ്ട് ഒരു നോട്ടം കൊണ്ടുപോലും അദ്ദേഹത്തിന് നായന്മാരുടെ ഗുണം പിടികിട്ടും. ഗുണം കണ്ടാല്‍ അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റും നല്‍കും.

സമുദായ സ്‌നേഹികള്‍ക്ക് സമുദായ നേതൃത്വം സര്‍ട്ടിഫിക്കറ്റും പദവിയും നല്‍കുന്നത് ഇതാദ്യത്തെ കാര്യമല്ല. ഉത്തമ കത്തോലിക്കര്‍ക്ക് മാര്‍പ്പാപ്പ നേരിട്ട് ഷെവലിയര്‍ സ്ഥാനം നല്‍കും. സഭാ സ്‌നേഹികളായ യാക്കോബായ വിശ്വാസികള്‍ക്ക് കമാണ്ടര്‍ പദവിയാണ് സഭാത്തലവന്‍ ഡമാസ്‌കസിലെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നല്‍കുന്നത്. കോട്ടയത്തെ സഭാ ആസ്ഥാനത്ത് നിന്ന് പരിശുദ്ധ കാതോലിക്കാ ബാവയും കമാണ്ടര്‍ സ്ഥാനം കല്‍പ്പിച്ചരുളുന്നുണ്ട്. രാഷ്ട്രങ്ങളും അതിലെ ഉത്തമപൗരന്മാരെ കണ്ടെത്തി ബഹുമതികള്‍ നല്‍കാറുണ്ട്. വൈകിയാണെങ്കിലും എന്‍ എസ് എസും ഇതുപോലൊന്ന് ചെയ്തുവെന്ന് മാത്രം. ഈ പദവിക്ക് പ്രഥമഗണനീയനായത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായത് അദ്ദേഹത്തിന്റെ യോഗം.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്ല നായര്‍ പട്ടം കിട്ടിയെങ്കിലും യഥാര്‍ത്ഥത്തില്‍ ആ പദവിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്നതില്‍ സംശയമില്ല. സോണിയാ ഗാന്ധിക്ക് മന്‍മോഹന്‍ സിംഗ് എങ്ങനെയൊ അങ്ങനെയാണ് ഉമ്മന്‍ ചാണ്ടിക്ക് തിരുവഞ്ചൂര്‍. ഉമ്മന്‍ ചാണ്ടിയുടെ മനസാണ് തിരുവഞ്ചൂര്‍ എന്നകാര്യം പരസ്യം തന്നെയാണല്ലോ? മുഖ്യമന്ത്രി ആദ്യം വിജിലന്‍സും പിന്നീട് ആഭ്യന്തരം തന്നെയും കൈമാറിയതും തകര്‍ക്കാന്‍ പറ്റാത്ത ഈ വിശ്വാസത്തിന് തെളിവാണ്. ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും നായര്‍ പ്രീണനം പോരാ എന്ന പരാതി ഈ സര്‍ക്കാര്‍ വന്നദിവസം മുതല്‍ എന്‍ എസ് എസ് എടുത്തുപയറ്റിക്കൊണ്ടിരിക്കുകയാണ്. മഞ്ഞളാംകുഴി അലി ലീഗിന്റെ അഞ്ചാം മന്ത്രിയായതോടെ ദേഷ്യകൊണ്ട് കണ്ണുകാണാതായ സുകുമാരന്‍ നായര്‍ പറഞ്ഞ പുലഭ്യങ്ങള്‍ പെറ്റമ്മ പോലും പൊറുക്കാത്തതാണ്. എന്നിട്ടും ഉമ്മന്‍ ചാണ്ടി വകുപ്പുകള്‍ മാറ്റി നാട്ടില്‍ നായര്‍ മേധാവിത്വം വീണ്ടെടുത്തുകൊടുത്തു. ഇതോടെ എന്‍ എസ് എസിന് സമാധാനമായി, സുകുമാരന്‍ നായരുടെ പ്രതികാരദാഹം കെട്ടടങ്ങി. ഈ വഴിക്ക് കണ്ടുപോകരുതെന്ന് മുഖത്തുനോക്കി ആട്ടിയ തിരുവഞ്ചൂരിനിതാ പട്ടും വളയും കൊടുത്തിരിക്കുന്നു. ഇത് ഉമ്മന്‍ ചാണ്ടിക്ക് കൂടിയുള്ളതാണ്. വള തിരുവഞ്ചൂരിനും പട്ട് ഉമ്മന്‍ ചാണ്ടിക്കും.

എന്‍ എസ് എസിന്റെ നല്ല പിള്ളയാകുന്നതിനും മാനദണ്ഡം വേറെയുണ്ട്. നല്ല നായര്‍ പട്ടത്തിന് തൊട്ടുതാഴെയാണ് 'നല്ലപിള്ള' പട്ടം. എന്‍ എസ് എസ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പലപ്പോഴായി പാലിച്ചതിനാല്‍ പി ജെ കുര്യനും കഴിഞ്ഞ ദിവസം 'നല്ലപിള്ള' പട്ടം കിട്ടി. പല കാര്യത്തിലും യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളോട് വിയോജിപ്പുണ്ടായിട്ടും പി ജെ കുര്യനെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി വീണ്ടും നോമിനേറ്റ് ചെയ്തപ്പോള്‍ എന്‍ എസ് എസ് ആസ്ഥാനം സംതൃപ്തിയടഞ്ഞു. എത്ര നായന്മാര്‍ കോണ്‍ഗ്രസില്‍ വഴിയാധാരമായി കിടക്കുന്നു. എന്നിട്ടും പി ജെ കുര്യനാണ് എന്‍ എസ് എസിന് നല്ലപിള്ള. ഈ പട്ടത്തിന് പട്ടുമാത്രമേയുള്ളൂ, വളയില്ല. എന്‍ എസ് എസിന്റെ വിവിധ ബഹുമതിപത്രങ്ങള്‍ കിട്ടാന്‍ നായരാകണമെന്ന് നിര്‍ബന്ധമില്ല എന്നാണ് പി ജെ കുര്യന്റെ നല്ലപിള്ള പട്ടസ്ഥാനം തെളിയിക്കുന്നത്.

വാല്‍ക്കഷണം:
നല്ല നായരാകാന്‍ എല്ലാ ദിവസവും ബ്യൂട്ടിപാര്‍ലറില്‍ പോയിട്ട് കാര്യമില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയുന്നത് നന്ന്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+