തൊടുപുഴ: ഇടുക്കി പഴയരിക്കണ്ടത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ (പത്ത്), ആള്‍ഫ (ഏഴ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തോട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ എത്തിയപ്പോഴാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കാര്‍ കണ്‌ടെത്തിയത്.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ് സ്ഥലത്തെത്തി മൃതദേങ്ങള്‍ ഇടുക്കി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ആകാം അപകടം നടന്നതെന്ന് കരുതുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെ അവ്യക്തമായ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ കനത്ത മഴയുണ്ടായിരുന്നതിനാല്‍ അപകടമാണെന്ന് മനസിലായില്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.