ജനം നട്ടംതിരിയുന്നു; മന്ത്രിപ്പട ലോകം ചുറ്റുന്നു

അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി വിമാനമിറങ്ങിയ ഉടന്‍ മറ്റു രണ്ട് പേര്‍ പറന്നു. മറ്റൊരു മന്ത്രി അടുത്ത ദിവസം ചൈനയിലേക്ക് തിരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗള്‍ഫായിരുന്നു മന്ത്രിമാരുടെ പ്രധാന ലക്ഷ്യസ്ഥാനമെങ്കില്‍ ഇപ്പോഴത് യൂറോപ്പും അമേരിക്കയുമാണ്.
തലസ്ഥാന നഗരിയിലടക്കം പകര്‍ച്ചവ്യാധികളും കോളറയും നടമാടിയപ്പോള്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്നു. പത്തുദിവസത്തെ പര്യടനം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ശിവകുമാര്‍ തിരിച്ചെത്തിയത്. ഇതിനിടെ തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ ആറുമാസത്തിനിടെ വിയന്ന, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചുറ്റിയടിച്ചു.
ജപ്പാന്‍ സന്ദര്‍ശിച്ചെത്തിയ റവന്യൂമന്ത്രി അടൂര്‍പ്രകാശ് അടുത്ത യാത്രയ്ക്ക് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ധനമന്ത്രി കെ എം മാണി ലണ്ടനിലേക്കാണ് പോയത്. ബ്രിട്ടീഷ് മലയാളികള്‍ക്ക് മുന്നില്‍ തന്റെ പ്രശസ്തമായ അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിയ്ക്കാനാണ് മാണി വന്‍കരകള്‍ താണ്ടിയത്. മാണിക്ക് പിന്നാലെ സ്‌പോര്‍ട്‌സ്മന്ത്രി കെ ബി ഗണേഷ്‌കുമാറും ലണ്ടനിലേക്ക് പറന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി ലണ്ടനിലെത്തിയത്. മന്ത്രി എം കെ മുനീര്‍ ജര്‍മനിവരെ പോയി വന്നു. മുനീറിന്റെ അടുത്ത ലക്ഷ്യം ഗള്‍ഫാണ്.
നട്ടെല്ലൊടിയ്ക്കുന്ന വിലക്കയറ്റവും പാചക വാതക ക്ഷാമവും മൂലം നട്ടംതിരിയുന്ന ജനത്തിന് ആശ്വാസം നല്‍കേണ്ട ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് കുവൈത്തിലേക്ക് കുടുംബസമേതം യാത്ര നടത്തിയാണ് തന്റെ പ്രതിബദ്ധത തെളിയിച്ചത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയോട് പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുണ്ടെങ്കിലും അവിടം സന്ദര്‍ശിയ്ക്കാന്‍ മന്ത്രി കെസി ജോസഫിന് യാതൊരു മടിയുമില്ല. വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം ജോസഫ് ബെയ്ജിങിലേക്ക് പറക്കുന്നത്. ഗള്‍ഫ് നാടുകളിലാണ് മന്ത്രി കെ ബാബുവിന്റെ സന്ദര്‍ശനം. എന്നാല്‍ ഗള്‍ഫിനോട് വലിയ പഥ്യമല്ലാത്ത പിജെ ജോസഫ് ഇസ്രായേലിലേക്കാണ് വെച്ചടിച്ചത്. ഇനി ഏഴ് കടലുകള്‍ താണ്ടി അമേരിക്കയിലെത്താനാണ് അദ്ദേഹത്തിന്റെ അടുത്ത ഒരുക്കം. ഇതിനിടെ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് സ്‌പെയിനിലാണ് പോയി വരികയും ചെയ്തു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗണേശ്കുമാര്‍ എന്നിവര്‍ ഗള്‍ഫ് വിമാനങ്ങളിലെ സ്ഥിരം യാത്രക്കാരാണ്. ഈ യാത്രകളില്‍ പലതും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണെന്നതാണ് ആശ്വാസകരം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി കെ ജയലക്ഷ്മി എന്നിവരാണ് ആറുമാസത്തിനിടെ വിദേശയാത്ര നടത്താതിരുന്നത്. ഭരണത്തിലിരിയ്ക്കുമ്പോള്‍ മന്ത്രിമാരുടെ വിദേശയാത്ര പുതിയ കാര്യമൊന്നുമല്ല. ഇപ്പോള്‍ പ്രതിപക്ഷത്തിരിയ്ക്കുന്ന പലരും ആവശ്യത്തിനും അനാവശ്യത്തിനും അന്യരാജ്യങ്ങളിലേക്ക് പറന്നവരാണ്. എന്നാല്‍ ജനം ദുരിതത്തിലാണ്ടു കിടക്കുമ്പോള്‍ ഈ വിദേശയാത്രകളില്‍ ചിലതെങ്കിലും ഒഴിവാക്കിക്കൂടേയെന്നാണ് ചോദ്യം.












Click it and Unblock the Notifications