കസബിന്റെ ചോരയ്ക്ക് പകരം ചോദിച്ച് ഇമ്രാന്‍ ഖാന്‍

തീവ്രവാദക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ ശിക്ഷ നടപ്പാക്കുന്നത് വൈകിക്കരുതെന്ന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ കക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ്(പി.റ്റി.ഐ) ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതാവ് നയീമുള്ള ഖാന്‍ ഇപ്രകാരം ആവശ്യമുന്നയിച്ചത്. മുള്‍ട്ടാനില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നയീമുള്ള ഖാന്‍.
പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയെന്ന കുറ്റമാണ് സരബ്ജിത് സിംഗിന് മേല്‍ ചുമത്തിയിരിയ്ക്കുന്നത്. ഇദ്ദേഹത്തെ മോചിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. പുതിയ ആവശ്യവുമായി പാകിസ്താനിലെ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ സിങിന്റെ മോചനം അടുത്തൊന്നും ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്.
കസബിന്റെ ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാന്‍ ഇന്ത്യ ഒരു മാസത്തോളമേ കാത്തിരുന്നുള്ളൂവെന്നും എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തീവ്രവാദികളെ കഴിഞ്ഞ എട്ടുവര്‍ഷമായി പാകിസ്ഥാന്‍ സംരക്ഷിക്കുകയാണെന്നും നയീമുള്ള ഖാന്‍ ആരോപിച്ചു.
പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തീവ്രവാദികളുടെ ശിക്ഷ നടപ്പാക്കാന്‍ പ്രധാന തടസ്സം പ്രസിഡന്റ് ആസിഫലി സര്‍ദാരിയാണെന്നും നയീമുള്ള ഖാന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications