മണ്ണില്‍ പുതഞ്ഞുകിടന്നത് 5.5കിലോ സ്വര്‍ണക്കട്ടി
കാന്‍ബറ: മാനം നോക്കി നടക്കാതെ ഇനി മണ്ണില്‍ നോക്കി നടന്നോളു, ചിലപ്പോ കാലില്‍ തടയുന്നത് ഒരു വമ്പന്‍ സ്വര്‍ണക്കട്ടിയാണെങ്കിലോ? അതേ മണ്ണും നോക്കി നടന്ന ഒരു ആസ്‌ത്രേലിയക്കാരന് കിട്ടിയത് അഞ്ചരക്കിലോ ഭാരം വരുന്നൊരു സ്വര്‍ണക്കട്ടിയാണ്.
വിക്ടോറിയ സംസ്ഥാനത്തെ ബല്ലാരത്ത് നഗരത്തിന് സമീപത്തു നിന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു പര്യവേഷകനാണ് ഈ നിധി ലഭിച്ചത്.

ചെറിയൊരു മെറ്റല്‍ ഡിറ്റക്ടറുമായി നടക്കുമ്പോഴാണ് മണ്ണിനടിയില്‍ അറുപത് സെന്റിമീറ്റര്‍ താഴ്ചയില്‍ നിന്ന് നിധി ലഭിച്ചത്. മൂന്ന് ലക്ഷം ഒസ്‌ട്രേലിയന്‍ ഡോളര്‍ (1.71 കോടി രൂപ) വിലമതിക്കുന്നതാണ് സ്വര്‍ണക്കട്ടിയെന്ന് ദ ഹെറാള്‍ഡ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉരുകിയൊലിച്ച നിലയില്‍ ഇംഗ്ലീഷ് അക്ഷരം 'വൈ' ആകൃതിയിലുള്ള സ്വര്‍ണക്കട്ടിയുടെ വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോഹമുണ്ടെന്ന് സൂചിപ്പിയ്ക്കുന്ന ശബ്ദം മെറ്റല്‍ ഡിറ്റക്ടര്‍ പുറപ്പെടുവിച്ചപ്പോള്‍ പര്യവേഷകന്‍ ആദ്യം കരുതിയത് മണ്ണനടിയില്‍ ഏതെങ്കിലും കാറിന്റെ അവശിഷ്ടമായിരിക്കുമെന്നാണ്. എന്നാലും വെറുതെ മണ്ണ് നീക്കിയപ്പോഴാണ് ഭാഗ്യദേവത സ്വര്‍ണക്കട്ടി യുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്.
അഞ്ചരക്കിലോ സ്വര്‍ണത്തിന് വിപണിയില്‍ ഇത്രയും വിലയില്ല. എന്നാല്‍ ഇതിന്റെ മറ്റുമൂല്യങ്ങള്‍ പരിഗണിച്ചാണ് വന്‍ വില ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സ്വര്‍ണഖനനത്തിന് പേര് കേട്ട നഗരമാണ് ബല്ലാരത്ത്. സ്വര്‍ണവേട്ടയ്ക്കായി പലകാലഘട്ടങ്ങിലായി ഇവിടേക്ക് കുടിയേറിയവരാണ് ജനങ്ങളില്‍ ഭൂരിഭാഗവും. കാലങ്ങളായി ഇവിടെ ഖനനം നടക്കുന്നുണ്ടെങ്കിലും ഇതുപോലൊരു സ്വര്‍ണക്കട്ടി ആര്‍ക്കും കിട്ടിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 2.8 കിലോയുള്ള സ്വര്‍ണക്കട്ടിയാണ് ഇവിടെ നിന്ന് ഇതിന് മുന്‍പ് കണ്ടെത്തിയതില്‍ ഏറ്റവും വലുത്.












Click it and Unblock the Notifications