യുവാക്കളെ തല്ലിയത് അമൃതയല്ല; അച്ഛനും സുഹൃത്തും

നടുറോഡില്‍ അസഭ്യം പറഞ്ഞ യുവാക്കളെ കരാട്ടെ അഭ്യാസിയായ അമൃത അടിച്ചോടിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ബേക്കറി ജങ്ഷനിലെ പൊലീസിന്റെ നിരീക്ഷണക്യാമറയില്‍ കാണുന്ന ദൃശ്യങ്ങളില്‍ രണ്ട് പുരുഷന്മാരാണ് യുവാക്കളെ മര്‍ദ്ദിക്കുന്നത്.
ഫെബ്രുവരി 14ന് ശംഖുമുഖത്തെ സ്ത്രീശാക്തീകരണ പരിപാടിയില്‍ പങ്കെടുത്തശേഷം അമൃതയും കുടുംബവും രാത്രി പത്തരയോടെ ബേക്കറി ജംങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തുകയായിരുന്നു. ഈ രംഗങ്ങളെല്ലാം ക്യാമറയിലുണ്ട്. എന്നാല്‍ കറങ്ങിക്കൊണ്ട് ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ക്യാമറയായതിനാല്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ലഭ്യമല്ല. അമൃതയും ഒപ്പമുള്ളവരും തട്ടുകടയുടെ ഭാഗത്തേക്കു നടക്കുന്നതും പിന്നീടു മര്‍ദ്ദനം നടക്കുന്നതും ക്യാമറയിലുണ്ട്.
പ്രശ്‌നത്തിന്റെ തുടക്കത്തില്‍തന്നെ വെള്ള ഷര്‍ട്ടിട്ട ഡ്രൈവറെ രണ്ടു പുരുഷന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇതിനിടെ തട്ടുകടയുടെ പുറകിലേയ്ക്ക് മാറിയ യുവാക്കളില്‍ ഒരാളെ അമൃത തള്ളി പുറത്തേയ്ക്കിടുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തുടര്‍ന്നും യുവാക്കളെ മര്‍ദ്ദിക്കുന്നത് പുരുഷന്മാര്‍ തന്നെയാണെന്നാണ് ക്യാമറ ദൃശ്യങ്ങളില്‍ കാണുന്നത്.
അവ്യക്തമായ ദൃശ്യങ്ങള്‍ പൊലീസ് ക്യാമറയിലുണ്ടെങ്കിലും അത് കരാട്ടെ അഭ്യാസിയായ അമൃതയാണു യുവാക്കളെ കൈകാര്യം ചെയ്തതെന്നു തെളിയിക്കുന്ന ദൃശ്യങ്ങളല്ല. മര്‍ദനമേറ്റ യുവാക്കള്‍ കോടതിയില്‍ ബോധിപ്പിച്ച പ്രകാരം അമൃതയ്‌ക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍മാരാണു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണു പൊലീസ് നിഗമനം.
അമൃതയുടെ അച്ഛനും സി-ഡിറ്റിലെ ഫോട്ടോകോപ്പി ഓപ്പറേറ്ററുമായ മോഹന്‍കുമാറും സുഹൃത്ത് വില്യംസുമാണ് ഒപ്പമുണ്ടായിരുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണു കയ്യാങ്കളിയിലെത്തിയതെന്നാണ് സൂചന. കോടതി നിര്‍ദേശപ്രകാരം അമൃതയ്ക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications