പ്രധാനമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുക്കണം: ഹസാരെ
ഗോണ്ട(ഉത്തര്‍പ്രദേശ്): രാജ്യത്തെ ജനങ്ങള്‍ നേരിട്ട് വേണം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനെന്ന് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ സമര നായകനുമായ അണ്ണ ഹസാരെ പറഞ്ഞു. ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാത്ത പ്രധാനമന്ത്രിമാരെക്കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഹസാരെ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ഹസാരെ നയിക്കുന്ന ജനതന്ത്ര യാത്രക്കിടെ സംസാരിക്കുകയായിരുന്നു ഹസാരെ.

സാധാരണക്കാരന് അഞ്ച് രൂപക്കും 12 രൂപക്കും ഭക്ഷണം കിട്ടുന്നുണ്ടെന്ന കേന്ദ്ര മന്ത്രിമാരുടെ പരാമര്‍ശത്തെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാരുടെ പ്രസ്താവന ക്രൂരമായ ഫലിതമാണെന്നാണ് ഹസാരെ പ്രതികരിച്ചത്. ഇത്രയും ചുരുങ്ങിയ പൈസക്ക് ഭക്ഷണം കിട്ടുമെങ്കില്‍, മറ്റെല്ലാ സൗകര്യങ്ങളും സൗജന്യമായി കിട്ടുന്ന എംപിമാര്‍ക്ക് എന്തിനാണ് എണ്‍പതിനായിരം രൂപ ശമ്പളമെന്നും ഹസാരെ ചോദിച്ചു.
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താത്പര്യമില്ലെന്ന് അണ്ണ ഹസാരെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍ നിന്ന് ഉറപ്പ് എഴുതി വാങ്ങിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയിട്ടില്ലെന്നും ഹസാരെ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നരേന്ദ്ര മോഡിക്കെതിരെയും ഹസാരെ ആക്ഷേപമുന്നയിച്ചു. ഇത്ര കാലമായിട്ടും ശക്തമായൊരു ലോകായുക്ത ബില്‍ പോലും മോഡിക്ക് ഗുജറാത്തില്‍ പാസാക്കാനായിട്ടില്ലെന്നും ഹസാരെ പറഞ്ഞു.
നല്ല വ്യക്തികള്‍ക്കാണ് ആളുകള്‍ വോട്ട് ചെയ്യേണ്ടതെന്നും ഹസാരെ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മീ പാര്‍ട്ടിയെ താന്‍ പിന്തുണക്കുന്നില്ലെന്നും അണ്ണ ഹസാരെ വ്യക്തമാക്കി.












Click it and Unblock the Notifications