ആലപ്പുഴയില്‍ അജ്ഞാത രോഗം... ആമകൾ കൂട്ടത്തോടെ ചാകുന്നു, കൈയ്യും തലയും അഴുകിയ നിലയിൽ
മാരാരിക്കുളം: ആമകള്‍ അജ്ഞാത രോഗം ബാധിച്ച് കൂട്ടത്തോടെ ചത്ത് പൊങ്ങുന്ന സാഹചര്യത്തില്‍ ജില്ലാ മൃഗസംരക്ഷണ വിഭാഗവും വനംവകുപ്പും വിദഗ്ദ്ധ പരിശോധനയ്ക്കു ഒരുങ്ങുന്നു. ജലാശയങ്ങളിലും അവയുടെ പരിസരങ്ങളിലുമാണ് ആമകള്‍ കൂട്ടത്തോടെ ചാകുന്നത്.

ചേര്‍ത്തല തെക്ക്, മുഹമ്മ, മാരാരിക്കുളം വടക്ക്, തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിലാണ് ആദ്യം ആമകള്‍ ചത്തുപൊങ്ങിയത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടങ്ങളിലെ തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ അജ്ഞാത രോഗത്താല്‍ ആമകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മരണകാരണം കണ്ടെത്താന്‍ വിദഗ്ദ്ധ പരിശോധനയ്ക്കും പഠനത്തിനും തയ്യാറെടുക്കുന്നത്.

ആദ്യം കണ്ടെത്തിയ ആമകള്‍ അഴുകിയ നിലയിലാതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു വിദ്ഗ്ദ്ധ പരിശോധനയ്ക്കു അയയ്ക്കാന്‍ സാധിച്ചില്ല. പിന്നീട് കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളെ ജില്ലാ സോഷ്യല്‍ ഫോറസ്ട്രീ ഓഫീസില്‍ നിരീക്ഷണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച വനംവകുപ്പ് ജീവനക്കാര്‍ കഞ്ഞിക്കുഴി മണര്‍കാട് നിന്നാണ് രോഗം ബാധിച്ച ആമകളെ കണ്ടെത്തിയത്. ജില്ലാ വെന്റിനറി ഓഫീസിലെ പരിചരണത്തിനു ശേഷമാണ് സോഷ്യല്‍ ഫോറസ്ട്രീ ഓഫീസില്‍ എത്തിച്ചത്.

ആമകള്‍ക്ക് മരുന്നു നല്‍കിയതിനാല്‍ നിലമെച്ചപ്പെട്ടതായി ജില്ലാ ചീഫ് വെന്റിനറി ഓഫീസര്‍ ആന്‍സമ്മ പറഞ്ഞു. എന്നാല്‍ അഴുകാത്ത നിലയിലുള്ള ചത്ത ആമകളെ മാത്രമേ പരിശോധനയ്ക്കു വിധേയമാക്കാന്‍ കഴിയുകയുള്ളു. ആമകള്‍ ചത്താല്‍ തിരുവല്ലയിലെ ലാബില്‍ പരിശോനയ്ക്കു അയയ്ക്കുമെന്നു ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുമി അറിയിച്ചു. ഇന്നലെയും മാരാരിക്കുളം റയില്‍വേസ്‌റ്റേഷനു കിഴക്കു ഭാഗത്തു പത്തോളം ആമകള്‍ ചത്തു പൊങ്ങി.

കൈകാലുകളിലും തലയിലും പാടുകളോടുകൂടി അഴുകിയ നിലയിലാണ് കാണപ്പെടുന്നത്. തോടിന്റെ നിറം മങ്ങി ചെറിയ ശുഷിരങ്ങളും കാണപ്പെടുന്നുണ്ട്. ചത്ത ആമയെ നായ്ക്കളും കാക്കകളും ഭക്ഷണമാക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നുണ്ട്. ആമ ചത്തുപൊങ്ങുന്ന പ്രദേശങ്ങളില്‍ ദുര്‍ഗന്ധവുമുണ്ട്. ജലാശയങ്ങള്‍ മലിനമാകുന്നതും ആമകള്‍ ചാകുന്നതിനു കാരണമാകാമെങ്കിലും മാലിന്യമില്ലാത്ത കുളത്തിലും ആമകള്‍ ചത്തതായി കണ്ടെത്തിയിട്ടുണ്ട്.

എഎസ് കനാല്‍, മണ്ണഞ്ചേരിയിലെ കായലോര പ്രദേശങ്ങളിലും ആമകള്‍ ചത്തുപൊങ്ങി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പൊള്ളേത്തൈ, നേതാജി എന്നിവിടങ്ങളിലും ആമകള്‍ ചത്തുപൊങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. 2016ലും സമാനമായ രീതിയില്‍ അര്‍ത്തുങ്കലിലും തൈക്കാട്ടുശേരിയിലും കുമരകത്തും ആമകള്‍ ചത്തു പൊങ്ങിയിരുന്നു.

ആമകള്‍ ചാകുന്നതിനു കാരണം അജ്ഞാതമായ രോഗബാധയാണെങ്കിലും ഈ കാര്യത്തില്‍ ഫലപ്രദമായ അന്വേഷണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മണര്‍കാട് സ്വദേശി അജിത്ത് വീടിനു സമീപം ചത്ത നിലയില്‍ കാണപ്പെട്ട ആമകളുടെ ചിത്രങ്ങള്‍ നവമാധ്യങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതോടെ വിവിധ പ്രദേശങ്ങളിലും സമാനമായ സംഭവമുണ്ടാകുന്ന വിവരം ആളുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications