'വെടിവെപ്പ്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു'; ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ സുജിത്ത്, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റാണ് രഞ്ജിത്തിന് പരിക്കേറ്റതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചേര്‍ത്തലയില്‍ ആദ്യത്തെ ആക്രമണമുണ്ടായത്.
തണ്ണീര്‍ മുക്കത്തും പുത്തനങ്ങാടിയിലും ഗുണ്ടാസംഘങ്ങള്‍ വീടുകള്‍ ആക്രമിച്ചിട്ടുണ്ട്. ചേര്‍ത്തലയിലെ ഒരു ബാറിന് സമീപത്തുണ്ടായ ആക്രമണത്തിലാണ് സുജിത്തിന് പരിക്കേറ്റത്. ഇതിന് ശേഷം വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തൂടെ ബൈക്കില്‍ പോകുകയായിരുന്ന രഞ്ജിത്ത് നേരെ എയര്‍ഗണ്‍ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ രഞ്ജിത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വീട്ടിലെ ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. ചേര്‍ത്തല വടക്കേകുരിശില്‍ അജിത്, പുത്തനങ്ങാടി പോട്ട ദീപു, തണ്ണീര്‍ മുക്കം മഠത്തില്‍ പ്രജീഷ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
ജനല്‍ ചില്ലുകല്‍ തകര്‍ത്തിട്ടുണ്ട്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്. മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളും പുറത്തുണ്ടായിരുന്നു. അതും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമായിരുന്നു മേഖലയില്‍ കഴിഞ്ഞ ദിവസം നടന്നത്. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications