'തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയിലെ ഭീരുക്കള്‍', വിമർശനവുമായി യു പ്രതിഭ എംഎൽഎ വീണ്ടും
കായംകുളം: പാര്‍ട്ടിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കായംകുളം എംഎല്‍എ യു പ്രതിഭ. തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയിലെ ഭീരുക്കള്‍ ആണെന്ന് യു പ്രതിഭ ആരോപിച്ചു. അത് ആരൊക്കെയാണ് എന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും എംഎല്‍എ പറഞ്ഞു. അവരുടെ പേര് താന്‍ പറയാത്തത് അവര്‍ ഭീരുക്കള്‍ ആയതിനാലാണ് എന്നും യു പ്രതിഭ എംഎല്‍എ പറഞ്ഞു. നിലപാട് വ്യത്യസ്തമായത് കൊണ്ടാണ് കേഡർ പാർട്ടിയിൽ നിന്ന് പരസ്യമായി പ്രതികരണം നടത്തുന്നത്. പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും വിഴുങ്ങേണ്ടി വന്നിട്ടുണ്ടെന്നും എംഎൽഎ തുറന്നടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ തോല്‍പ്പിക്കാന്‍ നീക്കം നടന്നു എന്നുളള ആരോപണം യു പ്രതിഭ ഉന്നയിക്കുന്നത്. ആലപ്പുഴയിലെ വോട്ട് ചോര്‍ച്ച പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും നടപടിയുണ്ടാവുകയും ചെയ്തപ്പോള്‍ കായംകുളത്തെ വോട്ട് ചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ ആരോപിച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെ എംഎല്‍എ ഫേസ്ബുക്ക് ഉപേക്ഷിക്കുകയും ചെയ്തു.
യു പ്രതിഭ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: '' നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു.... കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു.... എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു.. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്.. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല...
ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്.. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്.. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക്. ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം.. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..''












Click it and Unblock the Notifications