ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ 2025 ൽ ഹിന്ദുരാഷ്ട്രം നടപ്പാകും; എംവി ഗോവിന്ദൻ
ആലപ്പുഴ: ബി ജെ പി വീണ്ടും അധികാരത്തിൽ വന്നാൽ 2025 ൽ ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യം നടപ്പാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ അപകടം വർഗീയതയാണ്.2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണമോ വേണ്ടയോ എന്ന ചോദ്യമാണുന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി ഏകീകൃത സിവിൽകോഡും പൗരത്വഭേദഗതി നിയമവും നടപ്പാക്കും. രാജ്യത്തെ വലിയ അപകടം വർഗീയതയാണ്.ലോകജനതയുടെ 60 ശതമാനത്തിലധികമാളുകൾ ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കുമ്പോൾ ചിലർക്കതും ഇഷ്ടമല്ലെന്നും ചിലർ അവിടെ വർഗീയതയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സമ്പത്തു മുഴുവൻ കോർപ്പറേറ്റുകളുടെ പക്കൽ എത്തിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് അംബാനിയും അദാനിയുമെത്തി. കേന്ദ്രസർക്കാർ അദാനിയെ ലോകത്തെ ഏറ്റവും വലിയ ബൂർഷ്വാസിയായി രൂപപ്പെടുത്തിയെന്നും പരിപാടിയിൽ എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പരിപാടിയിൽ അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച കോളജ് യൂണിയനുള്ള പ്രഥമ അഭിമന്യു പുരസ്കാരം ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിന് അദ്ദേഹം സമ്മാനിച്ചു.












Click it and Unblock the Notifications