ആലപ്പുഴ ഇക്കുറി എങ്ങോട്ട് ചായും? പോളിങ് ഇടിഞ്ഞെങ്കിലും പ്രതീക്ഷയോടെ കെസിയും ആരിഫും, ശോഭ തിളങ്ങുമോ?
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇന്നിതാ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും മുന്നണികൾ കണക്ക് കൂട്ടലിലാണ്. കൃത്യമായ മറുപടി ആർക്കും നൽകാൻ കഴിയുന്നില്ലെങ്കിലും ജയം ഉറപ്പെന്നാണ് യുഡിഎഫും എൽഡിഎഫും ഒരേ സ്വരത്തിൽ പറയുന്നത്.
ദേശീയ തലത്തിൽ ഏറെ നിർണായകമായ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും പരസ്‌പരം മാറ്റുരയ്ക്കുന്ന സാഹചര്യമാണ് കേരളത്തിന് പുറത്ത്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണ്.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസും സിപിഎം-സിപിഐ ഇടത് പാർട്ടികളും തമ്മിലാണ് ഇവിടെ നേരിട്ടുള്ള പോരാട്ടം. ബിജെപി അത്രത്തോളം വളർന്നിട്ടില്ലാത്ത കേരളത്തിൽ ഇത്തവണ പക്ഷേ ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാൽ ആ ഗൗരവം ഒന്നും ഇത്തവണ പോളിങ്ങിൽ പ്രതിഫലിച്ചില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.
എന്തെന്നാൽ കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനത്തിൽ അധികം ഇടിവാണ് പോളിങ്ങിൽ ഉണ്ടായത് എന്നതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യം. ആർക്ക് തിരിച്ചടിയാവും ഇതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മണ്ഡലം നിലനിർത്താൻ കഴിയുമെന്ന വിലയിരുത്തലിൽ ആണ് എൽഡിഎഫ് നേതൃത്വം ഉള്ളത്.
അതിന്റെ പ്രധാന കാരണം മണ്ഡലത്തിൽ ഉൾപ്പെടെ അരൂർ നിയോജ മണ്ഡലത്തിലെ ഉയർന്ന പോളിങ് തന്നെയാണ്. അരൂർ എൽഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെയുള്ള പത്ത് പഞ്ചായത്തുകളിൽ ഏഴിടത്തും എൽഡിഎഫ് ആണ് ഭരിക്കുന്നത്. ഇവിടെ കൂടുതൽ പോളിങ് നടന്നത് പാർട്ടിക്ക് ഗുണമായെന്നാണ് അവരുടെ വിലയിരുത്തൽ.
എന്നാൽ യുഡിഎഫും പ്രതീക്ഷ കൈവിടുന്നില്ല, മറ്റെല്ലാത്തിലും ഉപരി കെസി വേണുഗോപാൽ എന്ന ദേശീയ നേതാവിന്റെ പ്രഭാവമാണ് യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ഘടകങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടി ആവില്ലെന്നാണ് അവർ വിലയിരുത്തുന്നത്. മണ്ഡലത്തിൽ വേണുഗോപാൽ പരിചിതൻ ആണെന്നതും നേട്ടമായെന്ന് അവർ കരുതുന്നു.
ബിജെപി ആവട്ടെ ശോഭാ സുരേന്ദ്രന്റെ കരുത്തിലാണ് വിശ്വസിക്കുന്നത്. ഇവിടെ പാർട്ടിക്ക് കൂടുതൽ വോട്ടുകൾ പിടിക്കാനായാൽ നേട്ടമുണ്ടാകും എന്നാണ് അവർ കരുതുന്നത്. ശോഭയുടെ വ്യക്തി പ്രഭാവവും കേന്ദ്ര സർക്കാരിന്റെ വികസന നയവും വോട്ടായി പെട്ടിയിൽ വീണെന്ന് അവർ വിശ്വസിക്കുന്നു.












Click it and Unblock the Notifications