മീന്‍കറി പണി പറ്റിച്ചു; നഗരസഭ ജനപ്രതിനിധികള്‍ക്ക് ഭക്ഷ്യവിഷബാധ, പ്രതിപക്ഷം 'രക്ഷപ്പെട്ടു'
ആലപ്പുഴ: നഗരസഭയില്‍ ബജറ്റ് അവതരണ ദിവസം വിതരണം ചെയ്ത ഭക്ഷണം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഒരു ജനപ്രതിനിധി ഏല്‍പ്പിച്ച കാറ്ററിംഗ് സ്ഥാപനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കായംകുളം നഗരസഭയിലാണ് സംഭവം. നഗരസഭ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചര്‍ദിയും അതിസാരവും പിടിപെട്ട ഇവര്‍ കായംകുളം മാവേലിക്കര എന്നീ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി. നഗരസഭ അധ്യക്ഷ, സെക്രട്ടറി എന്നിവര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഉച്ചയൂണിന് ഒപ്പം നല്‍കിയ മീന്‍ കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് സംശയിക്കുന്നത്. പഴകിയ മത്സ്യമാണ് കറിയില്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ഭക്ഷ്യവിഷബാധ പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭയുടെ പ്രവര്‍ത്തനവും താളം തെറ്റി. പകുതിയോളം ഓഫീസ് ജീവനക്കാര്‍ മാത്രമണ് നഗരസഭയില്‍ എത്തിയത്. ബജറ്റ് ചര്‍ച്ച യു ഡി എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ആരും ഭക്ഷണം കഴിച്ചിരുന്നില്ല. പ്രതിപക്ഷത്തിലെ ആര്‍ക്കും ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്തില്ല. ഭരണപക്ഷത്തിലെ കൗണ്‍സിലറുടെ കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ഇതുവരെയായിട്ടും പരിശോധന നടത്താത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications