ദേശീയപാത നിർമ്മാണം; ആലപ്പുഴയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും, ബസ് ബേകൾക്ക് ഭൂമി ആവശ്യം
ആലപ്പുഴ: ആലപ്പുഴ: ദേശീയപാത 66ന്റെ നവീകരണത്തിനായി ജില്ലയിലെ പ്രധാന കവലകളിൽ വീണ്ടും ഭൂമി ഏറ്റെടുത്തേക്കും. ബസ് ബേകളുടെ നിർമാണത്തിനായി വീണ്ടും ഭൂമി ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. പ്രധാന പാതയുടെ നിർമാണം പൂർത്തിയാകുന്നതിന് അനുസരിച്ചേ ബസ് ബേക്ക് വേണ്ട നടപടികൾ കൈക്കൊള്ളുകയുള്ളൂ. ഓരോ സ്ഥലത്തിനും അനുസരിച്ചാണ് ബസ് ബിയുടെ നീളം കണക്കാക്കുക. ഇതിന് അനുസൃതമായാണ് ഭൂമി ഏറ്റെടുക്കലും നടക്കുക.
2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാകുന്ന വിധത്തിലാണ് ദേശീയപാത വികസനം നടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയിൽ നിർമാണത്തിന് വേഗത നന്നേ കുറവാണ്. പ്രധാന പാതയും ഇരുവശവുമുള്ള സർവീസ് റോഡുകളുടെ നിർമാണവും ഒരേസമയമാണ് നടന്നുവരുന്നത്.

ഇതിൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായ ശേഷമായിരിക്കും ബസ്ബേകൾ നിർമിക്കുക. വീതി കുറവുള്ള സ്ഥലങ്ങളിലാണ് ബസ്ബേകൾക്കായി ഭൂമി ഏറ്റെടുക്കുക. നിലവിൽ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള ഭൂമി മാത്രമാണ് ഏറ്റെടുത്തത്. ഇതിലാണെങ്കിൽ ബസ് ബേയ്ക്ക് ആവശ്യമായ സ്ഥലം ഉൾപ്പെട്ടിട്ടുമില്ല.
അതാത് പ്രദേശങ്ങളിലെ യാത്രക്കാരുടെ തിരക്കിന് കണക്കാക്കിയായിരിക്കും ബസ് ബേയുടെ നീളം നിശ്ചയിക്കുക. സ്ഥലം ഏറ്റെടുപ്പും ഇതനുസരിച്ചാകും നടക്കുക. ഏറ്റെടുക്കുന്ന ഭൂമിക്കും വസ്‌തുവകകൾക്കും വലിയതോതിൽ പ്രതിഫലം നൽകുന്നതിനാൽ അവ വിട്ടു നൽകുന്നതിന് നാട്ടുകാർ തടസങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, ദേശീയപാതക്കായി ജില്ലയിൽ ഏറ്റവും വലിയ നിർമാണങ്ങൾ നടക്കുന്നത് പാലങ്ങൾക്കും മേൽപാലങ്ങൾക്കുമായാണ്. മറ്റിടങ്ങളിൽ മണ്ണിട്ട് ഉയർത്തലും നിരപ്പാക്കലും ഓട നിർമാണവുമേ നടത്തുന്നുള്ളൂ. ജില്ലയിൽ പാലം, അടിപ്പാത, മേൽപാലം തുടങ്ങിയവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആലപ്പുഴ ബൈപ്പാസ്, കാക്കാഴം മേൽപ്പാലം, തോട്ടപ്പള്ളി, കരുവാറ്റ കന്നുകാലിപാലം, ഡാണാപടിപ്പാലം എന്നിവയാണ് ജില്ലയിലെ പ്രധാന പാലങ്ങൾ.
ജില്ലയിൽ ചെറുതും വലുതുമായി 75 പാലങ്ങളാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീണ്ടും നിർമ്മിക്കുന്നത്. തോട്ടപ്പള്ളി സ്‌പിൽവേ ചാനലിലെ പുതിയ പാലം, ബൈപ്പാസ് സമാന്തര മേൽപാലം എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ട ചില പാലങ്ങൾ. ഇതിൽ തന്നെ തൊട്ടപ്പളി സ്‌പിൽവേ പുതിയ പാലത്തിന്റെ പൈലിംഗ് നടന്നുവരികയാണ്. ഏതാണ്ട് 444 മീറ്റർ നീളത്തിലാണ് പാലത്തിന്റെ പണി പുരോഗമിക്കുന്നത്.












Click it and Unblock the Notifications