നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയി കാരിച്ചാൽ ചുണ്ടൻ തന്നെ; പിഴിവില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ കമ്മിറ്റി
ആലപ്പുഴ: പുന്നമടക്കായലിലെ ജലോത്സവമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിധി നിർണയത്തിൽ പിഴവുണ്ടെന്ന് പരാതി തള്ളി ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. സംഘാടക സമിതി തിരഞ്ഞെടുത്ത കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്നാണ് കമ്മിറ്റി അറിയിച്ചത്. പള്ളാതുരുത്തി ബോട്ട് ക്ലബാണ് കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്. വിധി നിർണയത്തിൽ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ക്ലബുകളാണ് നേരത്തെ അപ്പീൽ നൽകിയത്.
നടുഭാഗം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. സമയത്തിന്റെ അടിസ്ഥാനത്തിൽ നിർണയിച്ച ഫല പ്രഖ്യാപനത്തിൽ പിഴവില്ലെന്നാണ് അപ്പീൽ കമ്മിറ്റി വ്യക്തമാക്കിയത്. ഇതോടെ കാരിച്ചാൽ ചുണ്ടന്റെ വിജയം ഒന്ന്കൂടി അടിവരയിടുകയാണ്.

തുടർച്ചയായ അഞ്ചാം തവണയാണ് ഓളപ്പരപ്പിലെ വേഗതയേറിയ താരമായി കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. ഇതോടെയാണ് മത്സരത്തിന്റെ വിധി നിർണയത്തെ ചൊല്ലി പരാതികൾ ഉയർന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ് ആണ് വിയപുരം ചുണ്ടൻ തുഴഞ്ഞത്.
എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്‌ടറുമായ അലക്‌സ് വര്‍ഗീസാണ് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചത്. ബന്ധപ്പെട്ട ഫിനിഷിംഗ് ലൈനിലെ വീഡിയോയും പരാതിക്കാരുടെ വാദവും കേട്ടതിന് ശേഷമാണ് അപ്പീൽ കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചത്. വിശദപരിശോധനയാണ് സമിതി നടത്തിയത്.
എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ സൊസൈറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. ഇവരുടേതാണ് അന്തിമ വിധി. ഇതോടെ രണ്ടും മൂന്നും സ്ഥാനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. സ്‌റ്റാർട്ടിംഗ് ലൈനിൽ ഉൾപ്പെടെ പിഴവുകൾ ഉണ്ടെന്ന തരത്തിലും നേരത്തെ പരാതികൾ ഉയർന്നിരുന്നു, ഇവയൊന്നും നിലനിൽക്കില്ലെന്നാണ് കമ്മിറ്റി അറിയിച്ചത്.
അതേസമയം, നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയുടെ ഫൈനലിൽ മാറ്റുരച്ചത്. 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്‌തു കൊണ്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടത്തിൽ മുത്തമിട്ടത്. അഞ്ച് ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം നടന്നത്. ഇതിൽ തന്നെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ ബർത്ത് നിശ്ചയിച്ചത്.












Click it and Unblock the Notifications