'സര്‍വ്വകലാശാല രേഖകളില്‍ പേരില്ല', നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍
ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പ്രതികരിച്ചു. സര്‍വ്വകലാശാല രേഖകളില്‍ ഇങ്ങനെ ഒരു പേരില്ലെന്ന് സന്ദീപ് ഗാന്ധി വ്യക്തമാക്കി. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നിയമനടപടിക്ക് നീക്കം തുടങ്ങിയെന്നും സര്‍വ്വകലാശാല നിയമവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള സര്‍വ്വകലാശാല ഇതുമായി ബന്ധപ്പെട്ടാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിഖില്‍ തോമസിന്റെ മൂന്ന് വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിച്ചെന്നും വ്യാജമല്ലെന്നുമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നേരത്തെ പറഞ്ഞത്. എന്നാല്‍ വര്‍ഷത്തില്‍ അല്ല, സെമസ്റ്റാറായിട്ടാണ് സര്‍വ്വകലാശാല പരീക്ഷ നടക്കുന്നതെന്നാണ് രജിസ്ട്രാര്‍ വ്യക്തമാക്കുന്നത്. ഇതോടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം ഉയരുകയാണ്.
ഇതിനിടെ, നിഖില്‍ തോമസിനെ തള്ളിക്കൊണ്ട് കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നമ്മല്‍ രംഗത്തെത്തിയിരുന്നു. 75 ശതമാനം ഹാജരുള്ള നിഖില്‍ എങ്ങനെയാണ് കലിംഗ സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നാണ് വി സി ചോദിക്കുന്നത്. ഇത് പ്രഥമദൃഷ്ഠ്യാ വ്യാജമാണെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെയാണ് നിഖിലിനെ തള്ളി കലിംഗ സര്‍വ്വകലാശാല രംഗത്തെത്തിയത്.
എം കോം പ്രവേശനത്തിന് നിഖില്‍ തോമസ് നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയാണ് ഉയര്‍ന്നത്. 2018-20 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എം എസ് എം കോളേജില്‍ ബി കോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാന്‍ നിഖിലിനെ കൊണ്ട് സാധിച്ചില്ല. ഈ സമയത്ത് 2019ല്‍ കായംകുളം എം എസ് എം കോളേജില്‍ യു യു സിയും 2020ല്‍ സര്‍വ്വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഡിഗ്രി പരീക്ഷ തോറ്റ നിഖില്‍ പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്. ഒരേ സമയത്ത് എങ്ങനെയാണ് കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമാണ് പരാതി നല്‍കിയത്. മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്.
പരാതി ഉയര്‍ന്നതിന് പിന്നാലെ സി പി എം നേതൃത്വം ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നു. നിഖില്‍ തോമസിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണെന്ന് കണ്ടതിന് പിന്നാലെ ചേര്‍ന്ന സി പി എം ഫ്രാക്ഷന്‍ യോഗം നിഖിലിനെ വിളിച്ചുവരുത്തുകയായിരുന്നു. വിശദീകരണം തേടിയ ശേഷം എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.












Click it and Unblock the Notifications