വിധാന്‍ സൗധ ദൗര്‍ഭാഗ്യത്തിന്റെ ചിഹ്നം; സിദ്ധരാമയ്യ സത്യപ്രതിജ്ഞ മാറ്റി, എന്താണ് ഇതിന്റെ കാരണം
ബെംഗളൂരു: കര്‍ണാടകയിലെ വിധാന്‍ സൗധയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇവിടെ സത്യപ്രതിജ്ഞ ചെയ്യാന്‍ പല നേതാക്കളും മടിക്കുകയാണ്. ഇന്ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും നിയമസഭയില്‍ അല്ല. എന്താണ് ഇതിന്റെ കാരണം. വലിയൊരു അന്ധവിശ്വാസം തന്നെ ഇതിന്റെ പേരിലുണ്ട്.
യഥാര്‍ഥത്തില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രിമാര്‍ ഇത് വിശ്വാസമായിട്ട് തന്നെയാണ് പരിഗണിക്കുന്നത്. ഇവിടെ നിന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ലെന്ന ഒരു വിശ്വാസം നേതാക്കള്‍ക്കിടയിലുണ്ട്. നിരവധി പേര്‍ ഇവിടെ നിന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

1952ല്‍ കെങ്കാല്‍ ഹനുമന്തയ്യ നിര്‍മിച്ചതാണ് വിധാന്‍ സൗധ കെട്ടിടം. മൈസൂരു പ്രവിശ്യയിലെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ തന്നെ അഭിമാനമാണ് ഈ കെട്ടിടം. 45 പ്രൗഢഗംഭീരമായ സ്റ്റെയറുകള്‍ ഇതിന്റെ പ്രവേശന കവാടത്തിലുണ്ട്. എന്നാല്‍ ഇവിടെ നിന്ന് സത്യപ്രതിജ്ഞ ചെയ്ത ആറോളം പേരെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനാവാതെ രാജിവെച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധികള്‍, കൂറുമാറ്റം, അഴിമതികള്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയാണ് പല സര്‍ക്കാരുകള്‍ പാതി വഴിയില്‍ വീഴാന്‍ കാരണമായത്. പല നേതാക്കളും ഇത് ഗൗരവത്തോടെ എടുത്തുവെന്ന് ഉറപ്പാണ്. കര്‍ണാടകയില്‍ പല മുഖ്യമന്ത്രിമാരും രണ്ട് വര്‍ഷത്തില്‍ താഴെ മാത്രമാണ് ഭരിക്കാന്‍ സാധിക്കാറുള്ളത്.സിദ്ധരാമയ്യ ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കണ്ഠീരവ് സ്‌റ്റേഡിയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ വെച്ചായിരുന്നു ചടങ്ങുകള്‍. 2013ലും ഇതേ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ദേവരാജ് ഉര്‍സും, സിദ്ധരാമയ്യയും മാത്രമാണ് കര്‍ണാടകയില്‍ കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിമാര്‍. ഇവര്‍ രണ്ടുപേരും വിധാന്‍ സൗധയില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തവരല്ല.
ദേവരാജ് രാജ്ഭവനില്‍ നിന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. സിദ്ധരാമയ്യ കണ്ഠീരവ സ്റ്റേഡിയവും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഈ വിശ്വാസത്തെ പ പൊളിക്കാന്‍ എച്ച്ഡി കുമാരസ്വാമി ശ്രമിച്ചിരുന്നു. ജ്യോതിഷികളോട് ഒക്കെ ചോദിച്ചായിരുന്നു വിധാന്‍ സൗധയില്‍ സത്യപ്രതിജ്ഞ നടത്തിയത്. പക്ഷേ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയില്ല.
രാമകൃഷ്ണ ഹെഗ്‌ഡെ, ബംഗാരപ്പ, എസ്എം കൃഷ്ണ, ധരം സിംഗ്, ബിഎസ് യെഡിയൂരപ്പ എന്നിവരൊന്നും അഞ്ച് വര്‍ഷം മുഖ്യമന്ത്രി പദത്തില്‍ ഇരുന്നിട്ടില്ല. യെഡിയൂരപ്പ ബിജെപിയെ അധികാരത്തിലെത്തിച്ചെങ്കിലും ലോകായുക്ത കണ്ടെത്തലിനെ തുടര്‍ന്ന് ഖനന അഴിമതിയില്‍ അറസ്റ്റിലായി. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.
പകരം വന്ന സദാനന്ദ ഗൗഡയും, ജഗദീഷ് ഷെട്ടാറും ചേര്‍ന്നാണ് ബിജെപിയെ അഞ്ച് വര്‍ഷം തികയ്ക്കാന്‍ സഹായിച്ചത്. രണ്ടാം തവണയും യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വിധാന്‍ സൗധയില്‍. ഇത്തവണ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കാലാവധി തികയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.












Click it and Unblock the Notifications