'ബെംഗളൂരുവില്‍ വന്‍ സ്ഫോടനം ലക്ഷ്യമിട്ടു': സൂത്രധാരന്‍ തടിയന്‍റവിട നസീർ, പരിചയം ജയിലില്‍ വെച്ച്: പൊലീസ്
ബെംഗളൂരു: ബെംഗളൂരുവില്‍ അറസ്റ്റിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പൊലീസ്. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് തടിയന്‍റവിട നസീർ ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണർ ബി ദയാനന്ദ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കർണാടക സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെ ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.

പരിചയം ജയിലില്‍ വെച്ച്
പിടിയിലായ സംഘം 2017 ല്‍ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ കേസില്‍ 18 മാസം പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന ഇവർ 2019ലാണ് പുറത്തിറങ്ങുന്നത്. ഈ സമയത്താണ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു തടിയന്റവിട നസീറുമായി ഇവർ ബന്ധം സ്ഥാപിക്കുന്നു. ഈ ബന്ധം വളരുകയും നസീറിന്റെ സ്വാധീനത്തിലാണ് സംഘം തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതെന്നും ദയാനന്ദ പറഞ്ഞു.
ഇപ്പോഴും ബെംഗളൂരു സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തടിയന്റവിട നസീറുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ വിദേശത്തുള്ള ജുനൈദ് എന്ന വ്യക്തിയാണ് ആയുധങ്ങള്‍ സംഘടിപ്പിച്ച് നൽകിയതെന്നും ദയാനന്ദ് പറഞ്ഞു. ജുനൈദിനെ കണ്ടെത്താൻ ബംഗളൂരു പൊലീസ് കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഏഴ് നാടൻ തോക്കുകൾ, 45 വെടിയുണ്ടകള്‍, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. 2019 ല്‍ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications