ബാങ്ക് അക്കൗണ്ടിൽ എത്രയുണ്ട് പണം? നിങ്ങളെ തേടി ആദായനികുതി വകുപ്പ് വരും, ഇക്കാര്യം സൂക്ഷിക്കണം
നമ്മളിൽ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് പണമിടപാടുകൾക്ക് ബാങ്കുകളെ ആശ്രയിക്കുന്നവരാണ്. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളുട ആവിർഭാവത്തോടെ തികച്ചും നൂതനമായ മാർഗങ്ങളിലൂടെ ക്യാഷ്‌ലെസ് ഇക്കണോമി എന്ന സംവിധാനത്തെ നമ്മൾ പ്രോത്സാഹിപിച്ചു പോരുന്നു. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്താനും നമുക്ക് എന്ത് തന്നെയായാലും ബാങ്ക് അക്കൗണ്ടുകളുടെ സഹായം കൂടിയേ തീരൂ.
ഡിജിറ്റൽ ഇടപാടുകളിൽ വളരെയധികം നിർണായക സ്വാധീനമുള്ളവയാണ് ബാങ്ക് അക്കൗണ്ടുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാരണത്താൽ തന്നെ ബാങ്ക് അക്കൗണ്ടുകൾ സധാ സർക്കാർ സംവിധാനങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കും. അതിനായി എപ്പോഴും ആദായ നികുതി വകുപ്പ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്.

നിങ്ങൾ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ അത് ഉറപ്പായും ഇത്തരത്തിലുള്ള ഏജൻസികൾ അറിയുമെന്നത് തീർച്ച. പലർക്കും ഇക്കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ടാവും. കള്ളപ്പണ ഇടപാട് ഉൾപ്പെടെ കണ്ടെത്താനാണ് ഈ ഏജൻസികൾ എപ്പോഴും നിരീക്ഷിക്കുന്നതെന്ന കാര്യം ഓർമ്മയിൽ ഇരിക്കട്ടെ.
ബാങ്കിൽ പണം നിക്ഷേപിക്കുന്ന വേളയിൽ എന്തെങ്കിലും തരത്തിലുള്ള നികുതി നൽകേണ്ടതായിട്ടുണ്ടോ എന്ന ചോദ്യം പലരുടെ മനസിലും ഉയരുന്നുണ്ടാവും. ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും സമാനമായ രീതിയിൽ നികുതി ബാധ്യത നേരിടേണ്ടി വരുമോ എന്ന ചോദ്യവും ഈ ഘട്ടത്തിൽ പ്രസക്തമാണ്. ഇതുമായി ബന്ധപ്പെട്ട നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചു എന്നു കരുതുക, അത്തരം ഘട്ടങ്ങളിൽ ഈ വിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ബാങ്കിന് നിയമപരമായി ബാധ്യതയുണ്ട്. കറന്റ് അക്കൗണ്ട് ഉടമകളെ സംബന്ധിച്ച് ഈ പരിധി 50 ലക്ഷം രൂപയാണ് എന്ന് ഓർക്കണം. അതായത് ഈ പരിധിക്ക് അപ്പുറമുള്ള നിക്ഷേപങ്ങളിൽ പണത്തിന്റെ ഉറവിടം എന്തെന്ന് ബോധ്യപ്പെടുത്താൻ നിങ്ങൾ ബാധ്യസ്‌ഥനാണ് എന്ന് മാത്രം.
ആദായ നികുതി നിയമത്തിലെ വകുപ്പ് 194എൻ പ്രകാരം, പണം പിൻവലിക്കുമ്പോൾ ടിഡിഎസ് കണക്കാക്കുന്നത് ഈ പ്രകാരമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 1 കോടി രൂപയിലധികം പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് ഈടാക്കും. (തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചവർക്കാണ് ഇത് ബാധകമായിരിക്കുന്നത്). മറ്റുളവർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിലധികം തുക പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് ഈടാക്കപ്പെടും. പിൻവലിക്കുന്നത് 1 കോടിയിലധികമാണെങ്കിൽ 5 ശതമാനം നികുതി ഈടാക്കും.
ഒരുപക്ഷേ ഇത്തരത്തിൽ ബാങ്ക് അറിയിക്കുന്ന ഇടപാടുകളിലെ ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാത്ത പക്ഷം ആദായ നികുതി വകുപ്പിന് നോട്ടീസ് ഇഷ്യു ചെയ്യാവുന്നതാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 68 പ്രകാരമാണിത്. ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ ആകെ 60 ശതമാനം നികുതിയും, അതിന് മേൽ 25 ശതമാനം സർചാർജ്ജും, കൂടാതെ 4 ശതമാനം സെസ്സുമായിരിക്കും പിഴയായി ചുമത്തുക.












Click it and Unblock the Notifications