രണ്ട് മുറി ക്ലിനിക്കിൽ നിന്ന് 20,000 കോടിയുടെ ബിസിനസ് സാമ്രാജ്യം; ഈ മലയാളി ഡോക്‌ടറുടെ കഥ ഞെട്ടിപ്പിക്കുന്നത്
ലോകത്തിന്റെ ഏത് കോണിലായാലും സാമ്പത്തിലേക്കുള്ള ദൂരത്തിന് ഒരേ കഷ്‌ടതകളാണ്. ആരും ധനികരായി ജനിക്കുകയോ, ധനികരായി മരിക്കുകയോ ചെയ്യുന്നില്ല, പിന്നെ അവരുടെ ജീവിത കാലത്ത് എങ്ങനെ എല്ലാത്തിനെയും മറികടന്ന് ആഗ്രഹിച്ച ഇടങ്ങളിൽ എത്താമെന്ന ശ്രമത്തിന്റെ ഫലമാണ് ഈ കാണുന്ന സൗഭാഗ്യങ്ങളെല്ലാം. ഈ വാക്കുകളെ അടിവരയിടുന്ന ഒരാൾ ഇങ്ങ് കൊച്ചു കേരളത്തിലുമുണ്ട്.
യൂസഫലിയും, രവി പിള്ളയുമൊക്കെ അടക്കിവാഴുന്ന കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിശബ്‌ദം തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ആതുരസേവകന്റെ കഥ, അത് അങ്ങേയറ്റം പ്രചോദനാത്മകവും, അതിലേറെ അമ്പരപ്പിക്കുന്നതുമാണ് എന്ന് പറഞ്ഞാൽ നിങ്ങളൊരു പക്ഷേ വിശ്വസിക്കില്ല.

ഡോ. ആസാദ് മൂപ്പൻ എന്ന മലയാളി ഡോക്‌ടർ ഇന്ന് സമ്പത്തിന്റെ കീഴടക്കി നിൽക്കുമ്പോളും ലക്ഷക്കണക്കിന് രോഗികൾക്ക് തണലൊരുക്കുന്ന, ജീവിതത്തിലേക്ക് മടങ്ങി വരാൻ അവസരമൊരുക്കുന്ന ഹെൽത്ത് കെയർ സാമ്രാജ്യത്തിന്റെ താക്കോൽ മറ്റാരെയും ഏല്പിച്ചിട്ടില്ല. ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ എന്ന വലിയ സ്ഥാപനം ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു കൊള്ളട്ടെ.
ആസ്‌റ്ററിലേക്കുള്ള യാത്ര
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എംഎ മൂപ്പന്റെ മകനായാണ് മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി എന്ന സ്ഥലത്ത് 1953 ജൂലൈ 28ന് ഡോ. ആസാദ് മൂപ്പൻ ജനിച്ചത്. പിതാവിൽ നിന്നു പകർന്നു കിട്ടിയ സമൂഹ്യ സേവനമെന്ന ആശയം അദ്ദേഹം എന്നും മനസിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് പ്രാദേശിക സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും, എംഡിയും നേടി. അതും സ്വർണ മെഡലോടെയായിരുന്നു അദ്ദേഹം തന്റെ പഠനം പൂർത്തിയാക്കിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇയിലേക്കുള്ള ഒരു അപ്രതീക്ഷിത യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. 1980കളിലാണ് ഡോ. മൂപ്പൻ ആദ്യമായി ഗൾഫിൽ എത്തുന്നത്. നാട്ടിൽ ഒരു മുസ്ലീം പള്ളിയുടെ നവീകരണത്തിനായി പണം സ്വരൂപിക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു അദ്ദേഹം. എന്നാൽ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ദുബായിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് വാടകയ്ക്ക് എടുത്ത രണ്ട് ബെഡ്റൂം ഫ്ലാറ്റിൽ ഒരു ജനറൽ ഫിസിഷ്യൻ ആയി ജോലി ആരംഭിച്ചു. ഒരു കൊച്ചു ഹെൽത്തി ക്ലിനിക്കിൽ നിന്നാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചത്. ഇന്ൻ ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ആസ്‌റ്റർ എന്ന സാമ്രാജ്യത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി മാറിയപ്പോഴും പഴയ ഓർമ്മകൾ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയിട്ടില്ല.
നിലവിൽ 20 ആശുപത്രികളും, 90 ക്ലിനിക്കുകളും, 200 ഫാർമസികളും അദ്ദേഹത്തിന്റെ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം 2 കോടിയിലധികം രോഗികളെ അദ്ദേഹത്തിന്റെ ആരോഗ്യ സംവിധാനത്തിന് കീഴിൽ പരിചരിക്കുന്നു, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നു. നിലവിൽ 9,000 കോടിയിലധികം രൂപയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്‌തി. കേരളത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ കൂടിയാണ് ആസാദ് മൂപ്പൻ.












Click it and Unblock the Notifications