ഒന്നും രണ്ടുമല്ല... കിട്ടാനുള്ളത് 6700 കോടി!; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അദാനി
ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളും തുടര്‍ന്ന് രൂപീകൃതമായ ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളും ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് അദാനി ഗ്രൂപ്പിന്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ജാര്‍ഖണ്ഡ് യൂണിറ്റില്‍ നിന്ന് വൈദ്യുതി കയറ്റുമതി ചെയ്യുന്ന അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളെ അവലോകനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
ബംഗ്ലാദേശിന് വൈദ്യുതി വിതരണം ചെയ്യാന്‍ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്ന 2017ലെ കരാറിന് കീഴിലാണ് ഈ സൂക്ഷ്മപരിശോധന വരുന്നത്. കരാറിലെ വ്യവസ്ഥകള്‍ വിലയിരുത്താനും ഇതിന് ബംഗ്ലാദേശ് നല്‍കുന്ന വില ന്യായമാണോ എന്ന് അവലോകനം ചെയ്യാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സാഹചര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഇടപെടാന്‍ പരിമിതിയുണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 'ഇത് രണ്ട് കക്ഷികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ കരാറാണ്. ഒരു ഇന്ത്യന്‍ സ്വകാര്യ കമ്പനിയും ബംഗ്ലാദേശ് സര്‍ക്കാരും ആണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ പദ്ധതിയാണിത്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചിരുന്ന് പരിഹരിക്കേണ്ടതുണ്ട്', വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
അതേസമയം അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബിസിനസുകള്‍ പരിശോധിക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''ഇന്ത്യന്‍ ബിസിനസുകളുടെ സൂക്ഷ്മപരിശോധന ഉണ്ടാകും. ബംഗ്ലാദേശ് എത്ര പണം നല്‍കുന്നു, പേയ്മെന്റുകള്‍ ന്യായമാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരും', അദ്ദേഹം പറഞ്ഞു.
അതിനിടെ 500 മില്യണ്‍ ഡോളറിന്റെ ഗോഡ്ഡ പവര്‍ പ്രോജക്റ്റിന്റെ പേയ്‌മെന്റ് വൈകുന്നതില്‍ അദാനി ഗ്രൂപ്പ്, ബംഗ്ലദേശിലെ ഇടക്കാല ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ ഒപ്പുവച്ച കരാറില്‍ അദാനിയുടെ ഇന്ത്യയിലെ 1,600 മെഗാവാട്ട് ഗോഡ്ഡ പവര്‍ പ്ലാന്റില്‍ നിന്നുള്ള കല്‍ക്കരി അധിഷ്ഠിത വൈദ്യുതി വിതരണവും ഉള്‍പ്പെടുന്നു.
തങ്ങള്‍ ബംഗ്ലാദേശ് ഗവണ്‍മെന്റുമായി നിരന്തരമായ സംഭാഷണത്തിലാണ് എന്ന് അദാനി പവര്‍ പറഞ്ഞു. അടിയന്തരമായി വിഷയത്തില്‍ ഒരു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട് എന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ അദാനിക്കുള്ള 800 മില്യണ്‍ ഡോളറിന്റെ കടത്തില്‍ 492 മില്യണ്‍ ഡോളറിന്റെ കുടിശ്ശിക തീര്‍ന്നിട്ടുണ്ടെന്ന് രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനസിന്റെ മുഖ്യ ഊര്‍ജ ഉപദേഷ്ടാവ് മുഹമ്മദ് ഫൗസുല്‍ കബീര്‍ ഖാന്‍ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം വൈദ്യുതി സംബന്ധമായ കടങ്ങള്‍ 3.7 ബില്യണ്‍ ഡോളറിലെത്തി. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വായ്പാ ദാതാക്കളില്‍ നിന്ന് രാജ്യം ഇപ്പോള്‍ സാമ്പത്തിക സഹായം തേടുകയാണ്. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശന വേളയിലാണ് ഗോഡ്ഡ കരാറിന് ധാരണയായത്.
പദ്ധതി കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാവുകയും ഏപ്രിലില്‍ ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് മുഴുവന്‍ ഉല്‍പ്പാദനവും കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ഏക പവര്‍ പ്ലാന്റാണിത്. എന്നാല്‍ ഗോഡ്ഡയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ഉയര്‍ന്ന ചിലവ് കാരണം ബംഗ്ലാദേശിന് സാമ്പത്തികമായി ലാഭകരമല്ലെന്ന വിമര്‍ശനം രാജ്യത്ത് നേരത്തെ ഉയരുന്നുണ്ട്.
അതേസമയം ഇറക്കുമതി ചെയ്ത മറ്റ് കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ വൈദ്യുതി ചെലവ് വളരെ മത്സരാധിഷ്ഠിതമാണെന്നാണ് അദാനി പവറിന്റെ അവകാശവാദം.












Click it and Unblock the Notifications