സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം; ഇന്നത്തെ സ്വര്‍ണവില അറിയാം, രൂപ വീണിടത്ത് തന്നെ, കാശുള്ളവര്‍ ചെയ്യേണ്ടത്...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് അല്‍പ്പം കയറിയാണ് സ്വര്‍ണം ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. അതുകൊണ്ടുതന്നെ ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും നല്ല ദിവസമാണ്. കാരണം വരും ആഴ്ചകളില്‍ വില കൂടാനുള്ള സാധ്യത തള്ളാനാകില്ല.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വ്യക്തിഗത ഉപഭോക്തൃ ചെലവ് കണക്കുകള്‍. അതുകൊണ്ടുതന്നെ സ്വര്‍ണവില കയറാനുള്ള വിപണി സാഹചര്യം നിലനില്‍ക്കുന്നു. എങ്കിലും വലിയ വില മാറ്റത്തിന് സാധ്യതയില്ല. ഇന്ത്യന്‍ രൂപ വലിയ തോതില്‍ ഇടിഞ്ഞതാണ് സ്വര്‍ണവിലയിലെ തകര്‍ച്ചയുടെ നേട്ടം അനുഭവിക്കാന്‍ സാധിക്കാതെ പോയത്.

ഇന്ത്യന്‍ രൂപ കൂടുതല്‍ കരുത്ത് കാട്ടുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കുറയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രൂപ വലിയ മുന്നേറ്റം നടത്തുമെന്ന് കരുതാന്‍ വയ്യ. 85.06 എന്ന നിരക്കിലാണ് രൂപയുള്ളത്. ഡോളര്‍ സൂചിക 107.74 എന്ന നിരക്കിലാണ്. അല്‍പ്പം ഇടിഞ്ഞ ശേഷം മുന്നേറിയാണ് ഈ നിരക്കിലെത്തിയത്. ആഗോള സ്വര്‍ണവില ഔണ്‍സിന് 2622.90 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയാണ് ഇന്നത്തെ വില. പവന് 56800 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 95 രൂപയില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപയില്‍ താഴെയാകും ചെലവ് വരിക. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1500 രൂപ വരെ പവന്മേല്‍ കുറഞ്ഞേക്കാം.
സ്വര്‍ണം ആഭരണവും കോയിനും വാങ്ങുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്ക് പ്രിയമേറി വരുന്നു എന്നാണ് ജ്വല്ലറി മേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം. പാരമ്പര്യ രീതിയിലുള്ളതും വ്യത്യസ്തമായ ഡിസൈനിലുള്ളതുമായ ഡെയ്‌ലി യൂസിന് പറ്റിയ ആഭരണങ്ങള്‍ 18 കാരറ്റില്‍ ലഭിക്കുന്നത് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.
കാശുള്ളവര്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങുവയ്ക്കുന്നത് നല്ലതാണ്. ഭാവിയില്‍ വില കൂടുമ്പോള്‍ നേട്ടം കൊയ്യാം. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ 22 കാരറ്റിന് വേണ്ടി അഡ്വാന്‍സ് ബുക്ക് ചെയ്യാം. നിത്യേനയുള്ള ആഭരണമായി ഉപയോഗിക്കുന്നവര്‍ക്ക് നല്ലത് 18 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ്.
അതേസമയം, ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനുള്ള സാധ്യത ഒരുങ്ങുന്നു എന്ന വിവരവും വരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.28 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 69.83 ഡോളറും മര്‍ബണ്‍ ക്രൂഡിന് 73.45 ഡോളറുമാണ് വില. എണ്ണവില ഉയര്‍ന്നു കഴിഞ്ഞാല്‍ ഇന്ത്യയെ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ചെലവും വരവും തമ്മിലുള്ള വിടവ് വര്‍ധിക്കും.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വലിയ തോതില്‍ ഇടിയുന്നുണ്ട്. 107000 ഡോളര്‍ വരെ ഉയര്‍ന്നിരുന്ന ബിറ്റ് കോയിന്‍ വില കഴിഞ്ഞ ദിവസം 92000ത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇന്ന് അല്‍പ്പം കയറി 95000ത്തിന് അടുത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പലിശ നിരക്ക് സംബന്ധിച്ച അവ്യക്തതയാണ് ബിറ്റ് കോയിന്‍ വിലയിലും മാറ്റത്തിന് കാരണം.












Click it and Unblock the Notifications