തിങ്കളാഴ്‌ച നല്ല ദിവസമല്ല, ഓഹരി വിപണിയിൽ നഷ്‌ടത്തിന്റെ കൊടുങ്കാറ്റ്; സെൻസെക്‌സും നിഫ്റ്റിയും കടപുഴകി, കാരണം?
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യ ദിനം നഷ്‌ടത്തിന്റെ രുചിയറിഞ്ഞ് ഇന്ത്യൻ ഓഹരി വിപണികൾ. സെൻസെക്‌സും നിഫ്റ്റിയും കടപുഴകുന്ന കാഴ്‌ചക്കാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്‌സും നിഫ്റ്റിയും കനത്ത ഇടിവാണ് ആദ്യ മണിക്കൂറുകളിൽ തന്നെ നേരിട്ടത്. അപ്രതീക്ഷിത ഇടിവിൽ നിക്ഷേപകർ ഒന്നാകെ വിറങ്ങലിച്ചു നിൽക്കുകയാണ്.
ബിഎസ്ഇ സെൻസെക്‌സ് 800 പോയിന്റിലധികം ഒറ്റയടിക്ക് താഴ്ന്നപ്പോൾ നിഫ്റ്റി50 22,600 എന്ന നിലവാരത്തിന് താഴെയെത്തി. ഉച്ചയ്ക്ക് 12:44ന് ബിഎസ്ഇ സെൻസെക്‌സ് 739 പോയിന്റ് അഥവാ 0.98 ശതമാനം ഇടിഞ്ഞ് 74,571.91ലാണ് വ്യാപാരം നടത്തുന്നത്. വിശാല വിപണിയായ നിഫ്റ്റി 50 232.70 പോയിൻറ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 22,563.20ൽ എത്തിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ 800 പോയിന്റിൽ അധികം സെൻസെക്‌സ് ഇടിവ് നേരിട്ടിരുന്നു.

തുടർച്ചയായ അഞ്ചാം സെഷനിലും ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിവ് നേരിട്ടു. എല്ലാ മേഖലകളിലും ഒരുപോലെയുള്ള തളർച്ചയാണ് അനുഭവപ്പെട്ടത്. ഉപഭോക്തൃ ഡിമാൻഡ് കുറയുന്നതും താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം യുഎസ് ഇക്വിറ്റികൾ ഇടിയുകയും ചെയ്‌തതിന്റെ ഫലമായി ആഗോള വിപണിയിലെ തളർച്ച ഇന്ത്യയിലെ മാർക്കറ്റിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം.
അതേസമയം, ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.07 ലക്ഷം കോടി രൂപ കുറഞ്ഞ് 397.13 ലക്ഷം കോടി രൂപ എന്ന നിലവാരത്തിൽ എത്തി നിൽക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല ഒട്ടുമിക്ക ഏഷ്യൻ വിപണികളും സമാനമായ രീതിയിൽ നഷ്‌ടത്തിന്റെ പ്രവണതയാണ് ഇന്ന് കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൊമാറ്റോ, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ തുടക്കത്തിൽ തന്നെ മോശം പ്രകടനമാണ് കാഴ്‌ച വച്ചത്. സൺ ഫാർമ, മാരുതി, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ എന്നിവ മുന്നേറ്റം പ്രകടമാക്കി. നിഫ്റ്റി ഐടി ഉൾപ്പെടെ വലിയ നഷ്‌ടമാണ് ഏറ്റുവാങ്ങിയത്.
ഓഹരിവിപണിയെ സ്വാധീനിച്ച ഘടകങ്ങൾ?
യുഎസിന്റെ തീരുവ രാഷ്ട്രീയം തന്നെയാണ് ആഗോള വിപണിയെ പിടിച്ചു കുലുക്കുന്നത്. അമേരിക്കയിലെ പല കണക്കുകളും ഇതിനെ പ്രതിഫലിപ്പിക്കുന്നതാണ്. ഇതാണ് ഇന്ത്യൻ വിപണിയെയും മോശമായി ബാധിക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്ന ശേഷമുള്ള ഈ തീരുവ കളി വിപണിയെ കാര്യമായി അലട്ടുന്നുണ്ട്.
വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനൊപ്പം വളർച്ച കുറയുകയും വിപണിയിലെ അനിശ്ചിതത്വം സൃഷ്‌ടിക്കുകയും ചെയ്യുന്നത് യുഎസിന് വെല്ലുവിളിയാണ്. ഈ സാഹചര്യം ഇന്ത്യൻ ഐടി ഉൾപ്പെടെയുള്ള കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളെ സാരമായി ബാധിക്കുന്നു. അന്താരാഷ്ട്ര നിക്ഷേപക യുഎസ് ഡോളറുകളും ട്രഷറി ബോണ്ടുകളും പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ തേടുന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണ്.
എൻഎസ്‌ഡിഎൽ കണക്കുകൾ പ്രകാരം 2025ൽ ഇന്നുവരെ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 1,01,737 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. ഇത് വിദേശ നിക്ഷേപകരുടെ താൽപര്യ കുറവിനെ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ എല്ലാം ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.












Click it and Unblock the Notifications